Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, September 16, 2011

കുറ്റകൃത്യങ്ങളുടെ പരമ്പര - (നേരിനൊപ്പം) : വി എസ് അച്യുതാനന്ദന്‍

Posted on: 15-Sep-2011 03:26 PM ചെയ്ത കുറ്റം മറച്ചുവയ്ക്കാന്‍ വീണ്ടും കുറ്റം, അത് മറച്ചുവയ്ക്കാനും തേച്ചുമായ്ച്ചുകളയാനുമുള്ള ശ്രമത്തിനിടയില്‍ കുറ്റകൃത്യ പരമ്പരയില്‍ പുതിയ പങ്കാളികള്‍ - പാമൊലിന്‍ അഴിമതിക്കേസില്‍നിന്ന് തലയൂരാന്‍ നടത്തുന്ന വെപ്രാളവും അത് കൂടുതല്‍ കൂടുതല്‍ കുരുക്കായി മാറുന്നതുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന പരിപാടി അവസാനിക്കുമ്പോള്‍ ദൃശ്യമാകുന്നത്. പാമൊലിന്‍ കേസില്‍നിന്ന് ഏതുവിധേനയും രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പുതന്നെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയതാണ്. വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡെസ്മണ്ട് നെറ്റോയെയും കേസന്വേഷിച്ച വിജിലന്‍സ് എസ്പി ശശിധരനെയും പ്രലോഭിപ്പിച്ച് വശത്താക്കി ഒരു അസംബന്ധ റിപ്പോര്‍ട്ട് മെനഞ്ഞ് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നെന്ന് വ്യക്തമായിക്കഴിഞ്ഞു. ആ കപട റിപ്പോര്‍ട്ട് അത് അര്‍ഹിക്കുന്ന അവജ്ഞയോടെ പ്രത്യേക വിജിലന്‍സ് കോടതി തള്ളിക്കളയുകയും വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ കേസിലുള്ള പങ്ക് അന്വേഷിക്കണമെന്ന ഉത്തരവില്‍ തന്നെയുണ്ട് ഉമ്മന്‍ചാണ്ടി കുറ്റക്കാരനെന്ന ധ്വനി. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനം ഒഴിയാതെ വിജിലന്‍സ്വകുപ്പ് തന്റെ വിശ്വസ്തന് കൈമാറുക മാത്രമാണ് ഉമ്മന്‍ചാണ്ടിചെയ്തത്. കേസില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടാല്‍ താന്‍ എംഎല്‍എ പോലുമാകാനില്ലെന്ന് ഹൈക്കമാന്‍ഡിനോടും പരോക്ഷമായി പൊതുസമൂഹത്തോടും പറഞ്ഞ ഉമ്മന്‍ചാണ്ടി തന്റെ പങ്ക് അസന്ദിഗ്ധമായി വ്യക്തമായശേഷം ചെയ്തതെന്താണ്-ഒരു കുറ്റകൃത്യം മറയ്ക്കാന്‍ മറ്റൊരു കുറ്റകൃത്യം, അത് മറയ്ക്കാന്‍ മറ്റൊന്ന് എന്നിങ്ങനെ നീതിന്യായ സംവിധാനത്തെയും നീതിനിര്‍വഹണത്തെയും അട്ടിമറിക്കുന്നതിനുള്ള നിഗൂഢപ്രവര്‍ത്തനങ്ങള്‍ . കോടതി ഉത്തരവില്‍ എതിര്‍പ്പുണ്ടെങ്കില്‍ അഥവാ അത് ശരിയല്ലെന്നു തോന്നുന്നുവെങ്കില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ കൊടുക്കാം. അപ്പീല്‍ കൊടുത്താല്‍ കൂടുതല്‍ കുരുക്കാവുമെന്ന് തോന്നിയതുകൊണ്ടാകണം അപ്പീല്‍ നല്‍കുന്നില്ല, കോടതിയോട് തനിക്ക് ബഹുമാനമുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ഉമ്മന്‍ചാണ്ടി. അതേസമയംതന്നെ, വിജിലന്‍സ് ഡയറക്ടറെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്യുന്നു. തനിക്കെതിരെ കോടതി ആവശ്യപ്പെട്ട അന്വേഷണം തന്റെതന്നെ നേതൃത്വത്തില്‍ നടത്തുന്നുവെന്ന അസംബന്ധമാണ് ഇക്കാര്യത്തിലുള്ളത്. വിജിലന്‍സ് വകുപ്പ് തന്റെ ഗ്രൂപ്പില്‍പ്പെട്ട ഏറ്റവും വിശ്വസ്തന് കൈമാറുന്നത് പ്രഹസനമാണെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയതാണ്. എല്ലാ വകുപ്പുകളുടെയും നിയന്ത്രണാധികാരം, ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥരുടെ മേലുള്ള പ്രത്യേകാധികാരം, പൊതുഭരണവകുപ്പിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ മേലുള്ള അധികാരം എന്നിവയെല്ലാം കാരണം വിജിലന്‍സ് വകുപ്പ് മറ്റൊരു മന്ത്രിക്ക് നല്‍കിയതുകൊണ്ട് ഒരു കാര്യവുമില്ല എന്നും വ്യക്തമാക്കപ്പെട്ടതാണ്. അക്കാര്യം കൂടുതല്‍ വ്യക്തമാകാന്‍ പുതിയ സംഭവവികാസങ്ങള്‍ പര്യാപ്തമാണ്. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ സൃഷ്ടിക്കുന്ന വ്യാജരേഖകള്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വളര്‍ത്തുദൗത്യമുള്ള പത്രം നിരന്തരം പ്രസിദ്ധപ്പെടുത്തുന്നു. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്തുത പത്രവും വിജിലന്‍സ് ഡയറക്ടറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനകളും തുടര്‍പ്രവര്‍ത്തനവും പരിഹാസ്യമാണ്. വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം ഡയറക്ടര്‍ തിരിച്ചയച്ചെന്ന് ഒരു ദിവസം ആ പത്രം ഫോട്ടോസ്റ്റാറ്റ് സഹിതം വാര്‍ത്ത പ്രസിദ്ധപ്പെടുത്തുന്നു. എന്നാല്‍ , കോടതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കുവേണ്ടി സമര്‍പ്പിച്ച കേസ്ഡയറിയില്‍ പ്രസ്തുത നിയമോപദേശവുമുണ്ടെന്ന് വ്യക്തമായതോടെ അടുത്ത ഗൂഢാലോചനയായി. താന്‍ "നിരസിച്ച" രേഖയെങ്ങനെ കോടതിയില്‍ സമര്‍പ്പിച്ചെന്ന് ഡയറക്ടര്‍ അന്വേഷണോദ്യോഗസ്ഥനായ എസ്പിയോട് ആരായുന്നു. തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും അബദ്ധം പറ്റിപ്പോയതാണെന്ന് എസ്പി ഡയറക്ടര്‍ക്ക് എഴുതിക്കൊടുക്കുന്നു, അഥവാ ഡയറക്ടര്‍ എഴുതിക്കൊടുത്തതിന്റെ അടിയില്‍ എസ്പി ഒപ്പിടുന്നു. അത് അന്നുതന്നെ മുഖ്യമന്ത്രിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും വേണ്ടപ്പെട്ട പത്രത്തില്‍ എത്തിച്ചുകൊടുക്കുന്നു. പിറ്റേന്ന് അത് പത്രത്തില്‍ വരുന്നു. ഇതൊന്നും രഹസ്യമല്ല, പരസ്യമായ കാര്യങ്ങളാണ്. വിജിലന്‍സ് ഡയറക്ടര്‍ നിരസിച്ച നിയമോപദേശമാണെങ്കില്‍ അത് കീഴുദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കിയത് ഗുരുതരമായ കൃത്യവിലോപമാണല്ലോ. അത്തരത്തില്‍ "കുറ്റം" ചെയ്ത എസ്പിയെ ഐപിഎസിന് പരിഗണിക്കുന്നതിനുള്ള പട്ടികയില്‍ ചേര്‍ക്കാന്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈയടുക്കുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ മനസ്സിലായതോടെ യഥാര്‍ഥ അന്വേഷണറിപ്പോര്‍ട്ട് മുക്കി കടകവിരുദ്ധമായ ഒരു റിപ്പോര്‍ട്ട് മെനഞ്ഞ് അത് അന്നുതന്നെ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു നെറ്റോയും അന്വേഷണോദ്യോഗസ്ഥനായ എസ്പിയും. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള തടസ്സമൊഴിവാക്കാനായിരുന്നു അതെന്ന് പകല്‍പോലെ വ്യക്തമാണ്. അതിനുള്ള തത്രപ്പാടിനിടയില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശമടങ്ങിയ യഥാര്‍ഥ കേസ്ഡയറിയില്‍ കൃത്രിമം നടത്താന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. കേസ് അട്ടിമറിക്കുന്നതിന് പ്രതിഫലമായി നെറ്റോയ്ക്ക് വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കി. അന്നത്തെ കരാറനുസരിച്ചാകണം ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥനായ എസ്പിക്ക് ഐപിഎസ് നല്‍കാന്‍ ഗൂഢാലോചന മുറുകുന്നത്. ഇതിനേക്കാളെല്ലാം പ്രധാനമാണ് വിജിലന്‍സിനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ നിയമിക്കാനുള്ള തീരുമാനം. പാമൊലിന്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായിക്കൊണ്ടിരിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമപരമായി മാറ്റാനാകില്ല എന്നതിനാല്‍ അതിന് മുകളില്‍ ഒരു തസ്തിക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് കോടതികളിലെയും അഴിമതിക്കേസുകളില്‍ സര്‍ക്കാരിന് രാഷ്ട്രീയമായി ഇടപെടല്‍ നടത്തുന്നതിനുള്ള അങ്ങേയറ്റത്തെ നിയമവിരുദ്ധ നീക്കമാണിത്. തല്‍ക്കാലം ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് പ്രസ്തുത തസ്തിക ഉണ്ടാക്കുന്നതെങ്കിലും അതിന് കൂടുതല്‍ വിപുലമായ സാധ്യതയാണുള്ളത്. മന്ത്രിസഭയിലെ മറ്റ് പല അംഗങ്ങള്‍ക്കുമെതിരെ വിവിധ വിജിലന്‍സ് കോടതികളില്‍ നടക്കുന്ന കേസുകള്‍കൂടി നോക്കി നടത്താന്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവില്‍ ഒരാളെ നിയമിക്കുന്നതിന് തുല്യമാണിത്. അഴിമതി നടത്തുന്നതിനും അഴിമതിക്കാരെ രക്ഷിക്കുന്നതിനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്ന് നാലുമാസംകൊണ്ടുതന്നെ വ്യക്തമായിരിക്കുകയാണ്. വിജിലന്‍സ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് മന്തിമാര്‍ക്കെതിരായ അന്വേഷണവും മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുമെല്ലാം കീഴ്മേല്‍ മറിക്കാന്‍ ഇത്രയും ദിവസത്തിനകംതന്നെ ശ്രമിച്ചു. ഇതേവരെയുള്ള അഴിമതിക്കേസുകളിലും ഇപ്പോള്‍ മന്ത്രിമാര്‍ ആരംഭിച്ചിരിക്കുന്ന അഴിമതി ഇടപാടുകളിലും അവര്‍ക്ക് നിയമപരമായി താങ്ങും തണലുമാകാനാണ് വിജിലന്‍സിന് അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വരുന്നത്. ഇങ്ങനെ ആത്മരക്ഷയ്ക്കുവേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുന്നതിന് പുറമെയാണ് പി സി ജോര്‍ജിനെപ്പോലുള്ളവരെ ഇറക്കിവിട്ടുള്ള കളികള്‍ . പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ അന്നുതൊട്ടുതന്നെ മര്യാദകെട്ട അധിക്ഷേപങ്ങളാണ് ജോര്‍ജ് നടത്തിവരുന്നത്. ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനിക്കുന്നെന്ന് അവകാശപ്പെടുകയും കോടതിയെയല്ല, കോടതിവിധികളെ ന്യായമായിത്തന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി കോടതിയെ നിന്ദിച്ച ജോര്‍ജിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. വിജിലന്‍സ് കോടതി വിധി തനിക്കെതിരാണെന്നതിനാല്‍ ജഡ്ജിയെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും മന്ത്രിക്ക് സമാനമായ പദവിയുള്ള ചീഫ്വിപ്പിനെ നിയോഗിക്കുക എന്ന വലിയ കുറ്റമാണ് ഉമ്മന്‍ചാണ്ടി ചെയ്തിരിക്കുന്നത്. അവിടംകൊണ്ടും നിര്‍ത്താതെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്‍പ്പെടെ കത്തയപ്പിച്ചു. അക്കാര്യം പ്രസിദ്ധപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു. ഒരുവശത്ത് കോടതിയെ ബഹുമാനമാണെന്നു പറയുക, മറുവശത്ത് കോടതിയെ നിന്ദിക്കാന്‍ പ്രചോദനവും പ്രോത്സാഹനവും നല്‍കുക- ആദര്‍ശത്തട്ടിപ്പിന്റെ പുതിയ മുഖമാണ് ഉമ്മന്‍ചാണ്ടിയില്‍ തെളിയുന്നത്. ചീഫ് വിപ്പിനെ ഉപയോഗപ്പെടുത്തി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും വിജിലന്‍സ് ജഡ്ജിയെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്ന കുരുട്ടുവിദ്യ. ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള നിയമവിരുദ്ധ നടപടിയിലൂടെ താന്‍ ചീഫ്വിപ്പ് തസ്തികയ്ക്ക് യോഗ്യനല്ലെന്നു തെളിയിച്ചിരിക്കുകയാണ് ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് ചീഫ്വിപ്പിന്റെ നിയമവിരുദ്ധപ്രവര്‍ത്തനമെന്ന് മനസ്സിലാക്കിത്തന്നെ യുഡിഎഫിലെ വലിയൊരു വിഭാഗം നേതാക്കളുള്‍പ്പെടെ ജോര്‍ജിനെതിരെ രംഗത്തുവന്നിരിക്കുന്നു. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ച ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ നല്‍കിയ ഹര്‍ജി ഗവര്‍ണറുടെ പരിഗണനയിലാണ്. ഏതായാലും ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ നൂറുദിന പരിപാടിക്ക് സര്‍ക്കാര്‍വിലാസം പത്രം നൂറില്‍ നൂറിനു മേലെ മാര്‍ക്കാണ് നല്‍കിയത്. റിസള്‍ട്ടാണ് തങ്ങള്‍ക്ക് വേണ്ടതെന്നു പറയുന്ന മുഖ്യമന്ത്രി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ കോപ്പിയടിച്ചാണ് റിസള്‍ട്ട് ഉണ്ടെന്ന് കൊട്ടിഘോഷിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ കൂടി പങ്കാളിത്തത്തോടെ നടന്നതും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഖജനാവിന് 230 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയതും നാല് കോടിയുടെ നഷ്ടമുണ്ടായെന്ന് ഉമ്മന്‍ചാണ്ടിയുടെകൂടി വക്താവ് എം എം ഹസ്സന്‍ വ്യക്തമാക്കിയതുമായ പാമൊലിന്‍ കേസ് തന്നെയാണ് നൂറുദിന കര്‍മപദ്ധതിയില്‍ നിറഞ്ഞുനിന്നത്. കേസില്‍നിന്ന് രക്ഷപ്പെടാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതില്‍ നൂറില്‍ നൂറിനു മേലെ മാര്‍ക്ക് നേടുന്നതാണ് സര്‍ക്കാരിന്റെ അനൗദ്യോഗിക ജിഹ്വയെ രോമാഞ്ചം കൊള്ളിച്ചിട്ടുണ്ടാവുക. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലംകൊണ്ട് നല്‍കിയ അത്രയും പരസ്യം, നൂറുനാള്‍കൊണ്ട് കൊടുത്തതുകൊണ്ട് അഴിമതിയില്‍ ജീര്‍ണിച്ച യുഡിഎഫ് മന്ത്രിസഭയുടെ മുഖം മറയ്ക്കാന്‍ കഴിയില്ല.

No comments:

Blog Archive