Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, September 4, 2011

അണ്ണാ ഹസാരെ സംഘം നയിച്ച അഴിമതി വിരുദ്ധ സമരത്തെ എതിര്‍ത്ത ബുദ്ധി ജീവികള്‍ തങ്ങളുടെ നിലപാടു് പുന:പരിശോധിക്കണം

ഇടതു് പക്ഷ ബുദ്ധി ജീവികളില്‍ ഒരു വിഭാഗം അണ്ണാ ഹസാരെ സംഘം നയിച്ച അഴിമതി വിരുദ്ധ സമരങ്ങളുടെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നതിലും പല കുറവുകളും പരിഹരിക്കത്തക്ക വിധം അണ്ണാ ഹസാരെ സംഘത്തിന്റെ നിലപാടുകള്‍ മെച്ചപ്പെടുത്തുന്നതിലും ഇടതു് പക്ഷ നേതൃത്വത്തോടൊപ്പം വലിയ പങ്കു് വഹിച്ചു. എന്നാല്‍ പരിമിതികളുടെ പേരില്‍ അതിനെതിരെ ഒട്ടേറെ കോലാഹലം സൃഷ്ടിച്ചു് കൊണ്ടു് ആ സമരത്തെ തള്ളിപ്പറയാന്‍ ശ്രമിച്ചവരാണു് ഇടതു് പക്ഷ ബുദ്ധി ജീവികളില്‍ ഗണ്യമായൊരു വിഭാഗം. വിമര്‍ശകര്‍ മാത്രമായി ഒതുങ്ങിപ്പോയ ഇടതു് പക്ഷ ബുദ്ധി ജീവികള്‍ അഴിമതിയുടെ ഗുണഭോക്താക്കളാണോ എന്ന സംശയം ജനങ്ങള്‍ക്കിടയില്‍ ഉളവാക്കത്തക്ക തരത്തില്‍ ഭരണ വര്‍ഗ്ഗത്തിനു് സമരത്തെ അപഹസിക്കാനുള്ള കരുക്കളായി മാറിയതു് അവര്‍ക്കു് ഭൂഷണമായില്ല. അത്തരം വിമര്‍ശകര്‍ ജനകീയ മുന്നേറ്റങ്ങളെ പ്രോത്സീഹിപ്പിക്കുന്നവരല്ല, ചരിത്രം സൃഷ്ടിക്കപ്പെടുമ്പോള്‍ ജനങ്ങളോടൊപ്പം നില്‍ക്കാതെ അതിനെ എതിര്‍ത്തു് ചൂഷകര്‍ക്കു് കുടപിടിക്കുന്നവരും ചരിത്രമായിക്കഴിയുമ്പോള്‍ അതിനെ പ്രകീര്‍ത്തിച്ചു് മുതലെടുക്കുന്നവരും മാത്രമായി മാറിയ സ്ഥിതിയാണുണ്ടായതു്. ആ വിമര്‍ശകര്‍ മറുപടി പറയേണ്ട വളരെയേറെ ചോദ്യങ്ങളാണു് അവരുടെ നിഷേധാത്മക വിമര്‍ശനങ്ങളില്‍ നിന്നുയരുന്നതു്.

അഴിമതി വിരുദ്ധ സമരത്തെ തള്ളിപ്പറയുന്ന ഇടതു് പക്ഷ ബുദ്ധി ജീവികളുയര്‍ത്തിയ വാദഗതികളെല്ലാം ആരെ സഹായിക്കും ?

അഴിമതിക്കാരേയോ അഴിമതിയെ എതിര്‍ക്കുന്നവരേയോ ?

ഇന്ത്യന്‍ ഇടതു് പക്ഷത്തിന്റെ പങ്കു് സാമ്രാജ്യത്വത്തോടും അതിനെ താങ്ങി നിര്‍ത്താന്‍ വിഫല ശ്രമം നടത്തുന്ന ഭരണ വര്‍ഗ്ഗത്തോടും ഒപ്പമോ ? ജനങ്ങള്‍ക്കൊപ്പമോ ?

ഇവിടെ കണ്ടതു് ഭരണ വര്‍ഗ്ഗ പാര്‍ടികളുടെ ഉള്ളിലുണ്ടായ വിള്ളലല്ലേ ? അതോ ഇടതു് പക്ഷത്തുണ്ടായ വിള്ളലാണോ ?

ഇവിടെ നടന്ന സമരം ഇടതു് പക്ഷത്തിനെതിരെയാണെന്നു് പറയാന്‍ കഴിയുമോ ?

അതു് പാര്‍ലമെണ്ടറി വ്യവസ്ഥക്കെതിരെയാണെന്നു് പറയാന്‍ കഴിയുമോ ?

പാര്‍ലമെണ്ടറി വ്യവസ്ഥയെ ധനാധിപത്യത്തിനു് കീഴടക്കിയതിനെതിരായ സമരം എങ്ങിനെ ജനാധിപത്യത്തിനെതിരാകും ?

അഴിമതിയുടെ നൂറായിരം ചരടുകളിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ പണാധിപത്യത്തിനു് കീഴടക്കിയവരല്ലേ യാഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിനു് കോട്ടം വരുത്തുന്നതു് ?

(മുതലാളിത്ത വര്‍ഗ്ഗ ഭരണം ഇതര വര്‍ഗ്ഗങ്ങള്‍ക്കു് മേല്‍ അടിച്ചേല്പിക്കുന്നതു് അഴിമതിയുടെ എണ്ണിയാലൊടുങ്ങാത്ത ചരടുകളിലൂടെയാണു്. അത്തരം ചരടുകള്‍ വളരെ ബൃഹത്തും സങ്കീര്‍ണ്ണവുമാണു്. ജനങ്ങള്‍ക്കു് നല്‍കുന്ന സേവനങ്ങള്‍ക്കു് അവരില്‍ നിന്നു് കൈക്കൂലി വാങ്ങുന്നതു് മുതല്‍ പൊതു മരാമത്തു് പണികളടക്കം വിവിധ മാര്‍ഗ്ഗങ്ങളിലുടെ പൊതു പണം ചോര്‍ത്തുന്നതും സാധാരണക്കാര്‍ക്കു് കിട്ടേണ്ട സഹായധനവും റേഷനും തട്ടിയെടുക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളും ജനങ്ങളുടെ നിക്ഷേപങ്ങളും ധാതു ഘനികളും എണ്ണ-വാതകപ്പാടങ്ങളും ജല സ്രോതസുകളും കാറ്റാടിപ്പാടങ്ങളും മറ്റിതര ഊര്‍ജ്ജ സ്രോതസുകളും അടക്കം പ്രകൃതി വിഭവങ്ങളും സ്വകാര്യ മൂലധന ഉടമകള്‍ക്കു് കൈമാറുന്നതും ജനങ്ങള്‍ക്കു് കിട്ടേണ്ട മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നിഷേധിച്ചുകൊണ്ടു് മൂലധനത്തിനു് നികുതി സഹായങ്ങള്‍ നല്‍കുന്നതു് വരെ അഴിമതിയുടെ ഗണത്തില്‍ പെടും. കൈക്കൂലി വാങ്ങുന്നവരും പണിയെടുക്കാതെ ജനങ്ങള്‍ക്കു് സേവനം നിഷേധിക്കുന്നവരും ഈ വര്‍ഗ്ഗ ഭരണത്തെ താങ്ങി നിര്‍ത്തുന്നവരായി മാറുന്നു. അഴിമതിയെ ന്യായീകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. അഴിമതി വിരുദ്ധ സമരങ്ങളെ അവര്‍ക്കു് തള്ളിപ്പറയേണ്ടി വരും.)

ഭരണ വര്‍ഗ്ഗപാര്‍ടികളും അതിനെതിരെ സമരം ചെയ്യുന്നവരും ഒരേ തരത്തില്‍ എതിര്‍ക്കപ്പെടേണ്ടവരാണോ ?

സമരക്കാര്‍ മുന്‍കാലത്തു് ഭരണ വര്‍ഗ്ഗത്തെ, ഭരണ വര്‍ഗ്ഗ പാര്‍ടികളിലൂടെ, പിന്തുണച്ചവരാണെന്നതും ആഗോളവല്കരണത്തിനെ പാടിപുകഴ്ത്തിയവരാണെന്നതും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുണ്ടോ ?

ആഗോളവല്കരണം കൊണ്ടു വന്ന ഭരണ വര്‍ഗ്ഗ പാര്‍ടികള്‍ വേട്ടക്കാരും അവരെ മുന്‍കാലത്തു് പിന്തുണച്ചവരെങ്കിലും സമരത്തിലണിനിരന്നവര്‍ അതിന്റെ ഇരകളുമാണെന്ന കാര്യം കാണാതെ പോകാമോ ?

ഇരകള്‍ ഇരപിടിയന്മാരെ തിരിച്ചറിഞ്ഞിട്ടില്ലെന്നതു് നേരു്. അതു് കൊണ്ടു് അവര്‍ ഇരകളല്ലാതാവില്ലല്ലോ ?

സമരത്തിലണിനിരന്നവരുടെ പിന്നില്‍ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനു് വേണ്ടി നിലയുറപ്പിച്ചതു്, പ്രതിപക്ഷത്തിന്റെ താല്പര്യത്തില്ലേ, സ്വാഭാവികമല്ലേ ?

സാമ്രാജ്യത്വവും ഭരണ വര്‍ഗ്ഗവും ഭരണ കൂടവും ഇത്തരം സമരങ്ങളെ (പ്രഷര്‍ കുക്കറിന്റെ വാല്‍വു് മാതിരി ജനരോഷം മയപ്പെടുത്താനോ ഭരണ വര്‍ഗ്ഗത്തിനെതിരെ ഉയര്‍ന്നു വരുന്ന മറ്റു് മേഖലകളിലെ ജന രോഷം തിരിച്ചു് വിടാനോ പുരോഗമന ശക്തികളെ അടിച്ചമര്‍ത്താനുള്ള നിമിത്തങ്ങളായോ ഒക്കെ) ഭരണ വര്‍ഗ്ഗത്തിന്റെ താല്പര്യത്തില്‍ അവര്‍ ഉപയോഗിക്കുന്നതു് എങ്ങിനെ സമരത്തെ എതിര്‍ക്കാന്‍ കാരണമാകും ?

അതു് സമരത്തേയോ സമരക്കാരേയോ തള്ളിപ്പറയാനുള്ള കാരണമാകാമോ ?

ഏറ്റവും ഇങ്ങേയറ്റം ഭരണക്കാരും സമരക്കാരും ഒരേ വര്‍ഗ്ഗപരമായ നിലപാടും താല്പര്യങ്ങളും ഉള്ളവരാണെങ്കില്‍ പോലും ഭരണ വര്‍ഗ്ഗത്തിനുള്ളിലുള്ള വൈരുദ്ധ്യമോ ഭിന്നിപ്പോ എന്ന നിലയ്ക്കെങ്കിലും ഉപയോഗപ്പെടുത്തുകയല്ലേ തൊഴിലാളി വര്‍ഗ്ഗ താല്പര്യം ?

ഇനി പറയൂ, ഇതില്‍ ഏതു് പക്ഷത്താണു് ഇടതു് പക്ഷം നില്കേണ്ടതു് ?

ഇനിയെങ്കിലും സമരത്തെ തള്ളിപ്പറഞ്ഞു് നമ്മുടെ ഭാവി മിത്രങ്ങളെ ശത്രുപക്ഷത്തേയ്ക്കു് ഓടിക്കുന്ന ചര്‍ച്ച ഒഴിവാക്കുകയല്ലേ നല്ലതു് ?

സമരക്കാര്‍ക്കു് ശത്രുക്കളുടെ ശത്രുക്കളെന്ന സാമാന്യ പരിഗണനയെങ്കിലും കൊടുത്തു കൂടേ ?

ടീം ഹസാരേയുടെ ഓരോ ചേഷ്ടകളും അരിച്ചു് പെറുക്കി വിമര്‍ശിക്കാന്‍ അവര്‍ ഇടതു് പക്ഷക്കാരാണെന്നോ അവര്‍ മാത്രമാണു് അഴിമതി വിരുദ്ധരെന്നോ ഒന്നും അവര്‍ അവകാശപ്പെട്ടിട്ടില്ലല്ലോ ?

സമരത്തിന്റെ വിമര്‍ശകര്‍ യഥാര്‍ത്ഥത്തില്‍ അഴിമതിക്കെതിരാണെങ്കില്‍ അഴിമതിക്കു് കാരണക്കാരാകുന്നവരോടല്ലേ എതിര്‍പ്പു് തോന്നേണ്ടതു് ?

എങ്കില്‍ സമരക്കാരോടല്ലേ ആഭിമുഖ്യം തോന്നേണ്ടതു് ?

സമരക്കാരെ നമുക്കനുകൂലമായി അണിനിരത്തുകയല്ലേ, നമ്മുടെ ചുറ്റുപാടുകളെ നമുക്കനുകൂലമാക്കുകയല്ലേ നാം ചെയ്യേണ്ടതു് ?

അതോ നമ്മുടെ അഹം ബോധം തൃപ്തിപ്പെടുത്തുകയാണോ നമ്മുടെ കടമ ?

വര്‍ഗ്ഗപരമായ കാരണങ്ങളാല്‍, വര്‍ഗ്ഗ വൈരുദ്ധ്യം മൂലം, ഭരണ വര്‍ഗ്ഗത്തെ അനുകൂലമാക്കാന്‍ കഴിയില്ലല്ലോ ?

ഭരണ വര്‍ഗ്ഗത്തെ പിന്തുണക്കുന്നവരെങ്കിലും അവരെ തൊലിയുരിച്ചു് കാണിക്കുന്നവരെന്ന നിലക്കു് സമരക്കാരോടു് ചെറിയ വിട്ടു് വിഴ്ച കാട്ടിക്കൊണ്ടു് അവരെ നമുക്കനുകൂലമാക്കാനുള്ള ശ്രമത്തിലേര്‍പ്പെടുകയല്ലേ നല്ലതു് ?

ഇടതു് പക്ഷം സമരത്തില്‍ നിന്നു് വിട്ടു് മാറി നിന്നു് പ്രതിലോമ ശക്തികള്‍ക്കുപയോഗിക്കാന്‍ ഈ സമരത്തെ വിട്ടു കൊടുക്കുകയാണോ അതോ അവര്‍ക്കെതിരായി ഉപയോഗിക്കുകയാണോ വേണ്ടതു് ?

ഈ ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ ഈ സമരത്തെ വിമര്‍ശിച്ചു് മാത്രം സമയം കളഞ്ഞ ബുദ്ധി ജീവികള്‍ തയ്യാറാകണം.

* * * * * * * * * * * * * * *

സമരത്തിലിടപെട്ടു് അതിനെ ജനങ്ങള്‍ക്കനുകൂലമായി തിരുത്തുക എന്ന കടമ ഇന്ത്യന്‍ ഇടതു് പക്ഷം സാധ്യമായേടത്തോളം ചെയ്തിട്ടുണ്ടു്.

(താഴെത്തട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയിട്ടുമുണ്ടു്. ഇടതു് പക്ഷ ബുദ്ധി ജീവികളുടെ മേല്പറഞ്ഞ ബുദ്ധിപരമായ പാപ്പരത്തം അതിനു് കാരണമായിട്ടുമുണ്ടു്)

ജനകീയ-രാഷ്ട്രീയ സമ്മര്‍ദ്ദഫലമായാണു് ഭരണ വര്‍ഗ്ഗ പാര്‍ടികള്‍ സമരാവശ്യങ്ങള്‍ക്കു് പിറകില്‍ അണിനിരന്നതു്. ആഭിമുഖ്യമുണ്ടായിട്ടല്ല.

ഇടതു് പക്ഷം മാത്രമാണു് സമരാവശ്യങ്ങള്‍ക്കു് വിപുലീകരണം നല്‍കിയതു്.

രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും യുപിഎയും സമരക്കാരെ വിമര്‍ശിക്കുകയും സമര മാര്‍ഗ്ഗത്തെ അപകടമായി കാണുകയുമാണുണ്ടായതു്.സമരക്കാരേക്കാള്‍ അഴിമതി വിരുദ്ധത കൈവരിക്കാനായി ലോക്പാലുകൊണ്ടു് മാത്രം അഴിമതി തടയാന്‍ കഴിയില്ലെന്നു് പറഞ്ഞു നോക്കി. സമരക്കാരേക്കാള്‍ അഴിമതി വിരുദ്ധത പ്രകടിപ്പിക്കാനായി ലോക്പാല്‍ ഭരണഘടനാപരമാക്കുക എന്ന കൂടിയ പരിഹാരം മുന്നോട്ടു് വെക്കുകയും ചെയ്തു. ഇടതു് പക്ഷ ബുദ്ധിജീവികളുടെ വാദഗതികള്‍ തന്നെയാണു് രാഹുലിന്റെ മുന്തിയടവുകള്‍ക്കായി പ്രയോഗിക്കപ്പെട്ടതു്. രാഹുലും കോണ്‍ഗ്രസും സമരവിമര്‍ശകരായ ഇടതു് പക്ഷ ബുദ്ധിജീവികളും ഒരേ ചേരിയില്‍ അണിനിരന്നു് അഴിമതി വിരുദ്ധ സമരത്തെ എതിര്‍ത്തതു് ജനങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചതു്.

ഹസാരെയുടെ നിലപാടുകളില്‍ സമര പുരോഗതിക്കൊപ്പം ഉണ്ടായ പരിണാമങ്ങള്‍ ശ്രദ്ധാര്‍ഹമാണു്.
ആദ്യം ഭാരത് മാതാ കീ ജെയ് എന്നും വന്ദേ മതരം എന്നും മാത്രം വിളിച്ചിരുന്നുള്ളു.
കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് എന്നും കൂടി വിളിച്ചു് തുടങ്ങി.
ഒരു ഘട്ടത്തില്‍ ഭഗത് സിങ്ങിനേയും രാജ് ഗുരവിനേയും അനുസ്മരിച്ചു് സമരക്കാര്‍ക്കു് ആവേശം പകര്‍ന്നു തുടങ്ങി.

ഹസാരെയുടെ ഉപസംഹാര പ്രസംഗം ഇടതു് പക്ഷക്കാരെന്നഭിമാനിക്കുകയും ഹസാരെ സമരത്തെ എതിര്‍ക്കുകയും ചെയ്തവര്‍ ശ്രദ്ധിക്കണം.
ഹിന്ദിയിലായിരുന്നു. മാധ്യമങ്ങള്‍ ഹസാരെയെ ഉയര്‍ത്തിക്കാട്ടുമ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശരിയായ ഉള്ളടക്കത്തില്‍ ജനങ്ങളിലെത്തിക്കുന്നില്ല എന്ന കാര്യം കാണാതെ പോയിക്കൂടാ. അതവരുടെ വര്‍ഗ്ഗ താല്പര്യമാണു് കാട്ടുന്നതു്. മാധ്യമങ്ങള്‍ പറയുന്നകാര്യങ്ങള്‍ വെച്ചു് മാത്രമാകരുതു് ഈ സമരത്തെ വിലയിരുത്തേണ്ടതു്. അതു് മാധ്യമങ്ങളുടെ കയ്യില്‍ കളിക്കാനിടവരുത്തും.

തൊഴിലാളികളുടെ, കൃഷിക്കാരുടെ, ഗ്രാമീണരുടെ നഗര ദരിദ്രരുടെ തൊഴിലില്ലാത്തവരുടെ ഒക്കെ പ്രശ്നങ്ങള്‍ എടുത്തു് പറഞ്ഞു് ജനകീയ ജനാധിപത്യ നിലപാടുകളോടു് ഹസാരെ ആഭിമുഖ്യം പ്രകടിപ്പിച്ചു.

സമരം താല്കാലികമായി നിര്‍ത്തുന്നു എന്നും സമരം 50% മാത്രം വിജയിച്ചിരിക്കുന്നു എന്നും തുടരുമെന്നുമാണു് പറഞ്ഞിരിക്കുന്നതു്.

പ്രധാനമന്ത്രിയടക്കം (രാജ്യ രക്ഷയും ക്രമസമാധാനവുമൊഴിച്ചുള്ള കാര്യങ്ങളില്‍) എല്ലാ ബാബുമാരേയും ലോക്പാലിനു് കീഴില്‍ കൊണ്ടുവരിക എന്നതു് തന്നെയാണു് സമരാവശ്യം. അതില്‍ വെള്ളം ചോര്‍ക്കപ്പെട്ടു എന്ന വിമര്‍ശനവും അടിസ്ഥാന രഹിതമാണു്.

നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ഉപാധികളായാണു്, ഏറ്റവും കുറഞ്ഞ ആവശ്യങ്ങളെന്ന നിലയില്‍ ലോക്പാല്‍ ബില്‍ പാസാക്കുക, എല്ലാ ബാബുമാരേയും അതിന്റെ പരിധിയില്‍ കൊണ്ടുവരിക, സംസ്ഥാനങ്ങള്‍ക്കും സമാന സംവിധാനം കൊണ്ടുവരിക എന്നിവ ഉയര്‍ത്തപ്പെട്ടതു്.

അടുത്ത സമരത്തിന്റെ അജണ്ടയായി തിരഞ്ഞെടുപ്പു് പരിഷ്കാരമടക്കം അംഗീകരിച്ചിരിക്കുന്നു.

നടന്ന സമരത്തിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിക്കുകയും ഭരണ രംഗത്തും മാധ്യമ രംഗത്തുമുള്ള വേതാളങ്ങള്‍ കിടിലം കൊള്ളുകയും ചെയ്യുന്ന കാര്യം ഈ സമരാവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്നതായിരുന്നു. നിരാഹാര സമരം ഏകാധിപത്യപരമാണെന്ന വാദവും അവരുയര്‍ത്തുന്നു. അതില്‍ തീരെ ജനാധിപത്യമില്ല പോലും. നാളെ ആരെങ്കിലും ജനങ്ങള്‍ക്കെതിരായ ആവശ്യവുമായി ഇത്തരം നിരാഹാര സമരം നടത്തിയാല്‍ നാമെന്തു് ചെയ്യുമെന്നതായിരുന്നു രാഹുലിന്റേയും കൂട്ടരുടേയും ആശങ്ക. സമരത്തിനാധാരമായി ഉന്നയിക്കപ്പെട്ടിരിക്കുന്ന ആവശ്യത്തിന്റെ ന്യായം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നതിനാല്‍ സമരത്തെ തള്ളിപ്പറയാന്‍ കണ്ടെത്തുന്ന വാദം മാത്രമാണതു്. നിരാഹാര സമരത്തില്‍ ഏകാധിപത്യം കാണുന്നതിനു് മുമ്പേ 'ഗാന്ധി' എന്ന പേരിന്റെ ഉപേക്ഷിച്ചിരുന്നെങ്കില്‍ അതു് രാജ്യത്തോടും രാഷ്ട്രപിതാവിനോടും നീതി കാട്ടുന്നതാകുമായിരുന്നു. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണി ഉയര്‍ത്തിക്കൊണ്ടു് തന്നെയാണു് ഹസാരെ സമരം നിര്‍ത്തിവെച്ചതു്.

150 ക്രിമിനലുകളേയും 300 ലേറെ ശതകോടീശ്വനന്മാരേയും കുടിയിരുത്തിയിട്ടുള്ള പാര്‍ലമെണ്ടിനല്ല ജനകീയ പാര്‍ലമെണ്ടില്‍ മാത്രം സ്ഥാനമുള്ള ജനങ്ങള്‍ക്കാണു് ഭരണഘടന പരമാധികാരം നല്‍കിയിട്ടുള്ളതു് എന്നാണു് അദ്ദേഹം പറഞ്ഞതു്.

ഈ സമരത്തിലൂടെ പാര്‍ലമെണ്ടിനുള്ള നിയമ നിര്‍മ്മാണാധികാരം അംഗീകരിക്കുകയാണു് സമരക്കാര്‍ ചെയ്തതു്. പക്ഷെ, നിയമ നിര്‍മ്മാണത്തില്‍ ഇടപെടാനും നിയമവും നിയമ നിര്‍മ്മാണ പ്രക്രിയകളും പഠിക്കാനും അഭിപ്രായം പറയാനും ജനകീയമായ അഭിപ്രായ രൂപീകരണത്തിലൂടെ പാര്‍ലമെണ്ടിലെ തങ്ങളുടെ പ്രതിനിധികള്‍ തങ്ങള്‍ക്കും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അനുകൂലമായിത്തന്നെ പ്രവര്‍ത്തിക്കുന്നു എന്നു് ഉറപ്പാക്കാനുമുള്ള ജനങ്ങളുടെ അധികാരം ഉറപ്പിച്ചതും കാണാതെ പോയിക്കൂടാ.

ഇടതു് പക്ഷത്തിന്റെ സഹായം സമരക്കാര്‍ക്കാവശ്യമുണ്ടു്.
അവരതു് സ്വീകരിക്കുകയും ചെയ്യും.

സമരക്കാരും ഭരണകൂടവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂര്‍ച്ഛിപ്പിക്കുകയാണു് വേണ്ടതു്, നടക്കുന്നതു്, നടക്കാന്‍ പോകുന്നതു്.

അതു് കാലഘട്ടത്തിന്റെ ആവശ്യമാണു്.

യഥാര്‍ത്ഥത്തില്‍ വിപ്ലവം നടത്തുന്നവര്‍ വിപ്ലവം നടത്തുകയാണു് എന്ന സ്വയം ബോധത്തോടെയല്ല അതു് നടത്താറു്. വസ്തു നിഷ്ഠ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി അവര്‍ വിപ്ലവത്തില്‍ പങ്കെടുക്കുകയാണു്.

വിപ്ലവം നടത്തുമെന്നു് പറഞ്ഞു നടക്കുന്നവര്‍ക്കതു് ചെയ്യാനുമാവില്ല. കാരണ വിപ്ലവം നടക്കുമ്പോള്‍ അതു് വിപ്ലവമാണോ എന്ന ചര്‍ച്ചയിലായിരിക്കും അവര്‍ ഏര്‍പ്പെടേണ്ടി വരിക.

ഈ നടന്ന സമരത്തില്‍ ഇടതു് പക്ഷത്തിനു് വലിയ പങ്കുണ്ടു്.
അതിന്റെ ക്രെഡിറ്റിനു് വേണ്ടി പറയുന്നതല്ല.
ഇടതു് പക്ഷം പങ്കെടുക്കാതെ അരാഷ്ട്രീയമായി മാത്രമാണെങ്കിലും അതു് നടന്നതു് ഇന്ത്യന്‍ പൊതു ധാരാ രാഷ്ട്രീയത്തിന്റെ അപചയത്തിനെതിരെയാണു്.
നല്ല രാഷ്ട്രീയം ആകാമെന്നതിന്റെ ഉദാഹരണം സമരക്കാരടക്കം കണ്ടിട്ടുള്ളതു് ഇടതു് പക്ഷത്തിലാണു്.
ഇടതു് പക്ഷമെങ്കിലും അഴിമതി തടയാനാകുമെന്നും സംശുദ്ധ ഭരണം സാധ്യമാണെന്നും പറഞ്ഞിരുന്നില്ലെങ്കില്‍ അഴിമതിക്കെതിരായ സമരത്തിനുള്ള പ്രേരണ ജനങ്ങള്‍ക്കു് കിട്ടുമായിരുന്നില്ല. കാരണം, വലതു് പക്ഷക്കാരെല്ലാം മുമ്പു് പറഞ്ഞതു് അഴിമതി സാര്‍വ്വത്രികമാണെന്നും ആഗോളമാണെന്നും അരും അതിനു് അതീതരല്ലെന്നും എല്ലാവരും അഴിമതിക്കാരാണെന്നും മറ്റുമാണു്. ഇടതു് പക്ഷം മാത്രമാണു് ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ അഴിമതിക്കെതിരെ പറഞ്ഞു പോന്നതു്. അതു് അവസാനിപ്പിക്കാനാവുമെന്നു് പറയുന്നതും അവര്‍ മാത്രമാണു്.

ഇടതു് പക്ഷത്തെ മാറ്റി നിര്‍ത്താനാണു് പകരം വെക്കാനാണു് ഈ സമരം നടന്നതെന്നു് വാദിച്ചാല്‍ പോലും, അത്തരം ലക്ഷ്യം പ്രതിലോമ ശക്തികള്‍ക്കുണ്ടായിരിക്കും, അതു് ഇടതു് പക്ഷത്തിന്റെ മാത്രം ക്രെഡിറ്റിലേക്കാണു് വിരല്‍ ചൂണ്ടുന്നതു്.

ഇന്ത്യന്‍ ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ഉത്തരവാദിത്വം ഇടതു് പക്ഷത്തിനല്ല.
അതു്കൊണ്ടു് തന്നെ മലീമസപ്പെട്ട ഇന്ത്യന്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെയല്ല, യഥാര്‍ത്ഥ രാഷ്ട്രീയത്തേയാണു് ഇടതു് പക്ഷം അംഗീകരിക്കുന്നതു്.

രാഷ്ട്രീയമില്ലെന്നു് സമരക്കാര്‍ പറഞ്ഞതു് അവരേ സംബന്ധിച്ചിടത്തോളം നാളിതു് വരെ വിശ്വസിച്ചിരുന്ന രാഷ്ട്രീയം അംഗീകരിക്കാനാവാത്തതാണെന്നു് ബോദ്ധ്യപ്പെട്ടതു് മൂലമാണു്. എന്നാല്‍ ഇടതു് പക്ഷത്തെ അംഗീകരിക്കാന്‍ നാളതു് വരെ അവര്‍ കേട്ടു് പഴകിയ വാദങ്ങളും ആരോപണങ്ങളും മൂലം അവര്‍ക്കാവുന്നുമില്ല.

ഇങ്ങിനെ തന്നെയാണു് നാളിതു് വരെ സമരത്തിനു് തയ്യാറാകാത്തവര്‍ പോലും സമര പക്ഷത്തേയ്ക്കു് ക്രമേണ നീങ്ങുന്നതു്.
അവരെ ഓടിക്കാതിരിക്കാന്‍ ശ്രമിക്കണം.

ഇടതു് പക്ഷവും ഈ സമര സജ്ജരായ ജനസമൂഹവും തമ്മിലുള്ള സമരൈക്യമാണു് ഭാവി മാറ്റങ്ങളുടെ ഉറപ്പു്.

മാറി നില്കുകയോ സമരത്തിലിറങ്ങിയ ജനങ്ങളെ അവഹേളിക്കുകയോ അല്ല, അവരെ ശരിയായ വഴിയില്‍ നയിക്കുന്നതിനായി അവരോടൊപ്പം നടക്കുകയാണു് വേണ്ടതു്.

അതാണു് ഇന്ത്യന്‍ ഇടതു് പക്ഷ നേതൃത്വം ചെയ്തതു്.

സമരത്തില്‍ പങ്കെടുത്തവര്‍ തങ്ങള്‍ക്കു് രാഷ്ട്രീയമില്ലെന്നു് എത്ര ഘോരഘോരം പറഞ്ഞാലും ഈ സമരത്തിനു് രാഷ്ട്രീയമുണ്ടു്. അതു് അവര്‍ മനസിലാക്കുന്നില്ല എന്നു് മാത്രമാണു് അവര്‍ പറയുന്നതിനര്‍ത്ഥം. അവര്‍ ഈ സമരത്തിലൂടെ കൈകാര്യ ചെയ്തിരിക്കുന്ന രാഷ്ട്രീയം ഇടതു് പക്ഷം അംഗീകരിക്കുന്നതാണു്. ഇടതു് പക്ഷത്തോളം വ്യക്തത പല കാര്യങ്ങളിലും അവര്‍ക്കില്ലെന്നതു് അവരെ പഴിക്കാനുള്ള കാരണമല്ല, മറിച്ചു് അവരോടു് കൂടുതല്‍ അടുത്തിടപഴകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന കാര്യം മാത്രമാണു്.

ഇവിടെ നടന്ന അഴിമതി വിരുദ്ധ സമരത്തിന്റെ ഉള്ളടക്കം ജനാധിപത്യ വികാസമാണു്. ജനങ്ങളുടെ സക്രിയതയാണു് അതിന്റെ മാര്‍ഗ്ഗം. വരും കാലങ്ങളില്‍ ഇത്തരം സമരങ്ങളുടെ വേലിയേറ്റമുണ്ടാകുകയും അവ കൂടുതല്‍ കൂടുതല്‍ ഇടതു് പക്ഷ-പുരോഗമനാഭിമുഖ്യം പുലര്‍ത്തുകയും വിപ്ലവ പാതയിലൂടെ സമൂഹം മുന്നേറുന്നതിനു് വഴിയൊരുക്കുകയും ചെയ്യും.

ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം കിടിലം കൊണ്ടിരിക്കുന്നു.
സാമ്രാജ്യത്വത്തിനു് സന്തോഷിക്കാന്‍ വകയുമില്ല.

ഈ സമരം മുന്നോട്ടു് പോകുകയും അവര്‍ക്കെതിരായി നീങ്ങുകയും ചെയ്യും.

ജോസഫ് തോമസ്.

No comments:

Blog Archive