Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, January 13, 2014

ആം ആദ്മി പാര്‍ടി ഇന്ത്യന്‍ ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ സൃഷ്ടിയും അതിന്റെ നിരാകരണത്തിന്റെ ഉപാധിയും



ആം ആദ്മി പാര്‍ടിയുടെ ഡല്‍ഹിയിലെ വിജയം ഒരു സജീവ രാഷ്ട്രീയ ചര്‍ച്ചയ്ക്കു് വഴിയൊരുക്കിയിരിക്കുന്നു. ഇടതു് പക്ഷത്തിനു് പ്രാമുഖ്യമുള്ള മേഖലകളില്‍ ചര്‍ച്ച, പക്ഷെ, ഏറിയകൂറും ഇടതു് പക്ഷത്തേയും ആം ആദ്മി പാര്‍ടിയേയും താരതമ്യം ചെയ്യാനും അതിലൂടെ ഇടതു് പക്ഷം പരാജയപ്പെട്ടിടത്തു് ആം ആദ്മി പാര്‍ടി വിജയിച്ചു എന്നു് വിലയിരുത്താനുമുള്ള പ്രവണതയാണു് കാണിക്കുന്നതു്. ഇതു് യാഥാര്‍ത്ഥ്യ ബോധത്തിനു് നിരക്കുന്നതല്ല. അതേ സമയം ഈ വാദഗതിക്കെതിരായ മറുപടിയെന്ന നിലയില്‍ ഉയരുന്ന വാദം ആം ആദ്മി പാര്‍ടിയുടെ പിന്നിലുള്ളതു് നഗരവാസികളായ മദ്ധ്യവര്‍ഗ്ഗമാണെന്നും അവര്‍ സാമ്രാജ്യത്വ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടികളും അതിന്റെ ആരാധകരും ആണെന്നും അവര്‍ ഇടതു് പക്ഷത്തിനു് അന്യമാണെന്നുമുള്ളതാണു്.

ആം ആദ്മി പാര്‍ടിയിലണിനിരന്നിരിക്കുന്നവര്‍ സാമ്രാജ്യത്വത്തിന്റെ ഉദാരവല്കരണ ഘട്ടത്തിന്റെ സൃഷ്ടികളാണെന്നത് ശരിയാണു്. പക്ഷെ, എല്ലാക്കാലത്തേയ്ക്കും അവര്‍ സാമ്രാജ്യത്വത്തിന്റേയോ ഉദാരവല്‍ക്കരണത്തിന്റേയോ ആരാധകരായി തുടരുമെന്നു് പറയുന്നതും യുക്തിക്കു് നിരക്കാത്തതാണു്. അവരെ പൊതുവെ മധ്യവര്‍ഗ്ഗമെന്നും സാമ്രാജ്യത്വ ദല്ലാളെന്നും മറ്റും പറഞ്ഞാക്ഷേപിക്കുന്നതും ശരിയല്ല. അവരില്‍ കുറേയേറെ പേര്‍ നാളിതു് വരെ അവയോടെല്ലാം മമത പുലര്‍ത്തിയിരുന്നവരാണെന്നതു് ശരിയാണു്. അവര്‍ പൊതു മേഖലയെ അവജ്ഞയോടെ കാണുന്നുവെന്നതും ശരിയാണു്. കാരണം ഇപ്പറയുന്ന മധ്യവര്‍ഗ്ഗത്തിന് പൊതു മേഖല അന്യമായിരുന്നു. പൊതു മേഖലയില്‍ ഗണ്യമായ തോതില്‍ തൊഴില്‍ കൊടുക്കാതായിട്ടു് മൂന്നര പതിറ്റാണ്ടായി. അങ്ങിനെയാണു് അവര്‍ പുതു തലമുറ സ്ഥാപനങ്ങളില്‍ തൊഴിലാളികളായതു്. സ്വയം സംരംഭകരായതു്. പൊതു മേഖലയാകട്ടെ നിലവില്‍ അവര്‍ക്കു് ആവശ്യമായ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെടുന്നു. പിന്നെ അവരെന്തിനു് പൊതു മേഖലയോടു് ആഭിമുഖ്യം കാണിക്കണമെന്നതാണു് അവരെ നയിക്കുന്ന ചിന്ത. അവരെ പൊതു ധാരയില്‍ കൊണ്ടുവരാനുള്ള ശ്രമം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നാണുണ്ടാകേണ്ടതു്.

അവരെ ധന മൂലധനം പ്രോത്സാഹിപ്പിക്കുന്നുവെന്നതു് നേരാണു്. അവരെ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനെതിരെ മൂലധന ശക്തികള്‍ ഉപയോഗിച്ചു എന്നതു് ശരിയാണു്. പക്ഷെ, അവരല്ല കുറ്റക്കാര്‍. മൂലധനം തന്നെയാണു്. അതു് കാണാന്‍ ഇടതു് പക്ഷത്തിനു് കഴിയും. എറിയുന്നവനേയാണു് നേരിടേണ്ടതു്. കല്ലിനെയല്ല എന്ന കാര്യം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനു് ബോധ്യമുള്ള കാര്യമാണു്. ആകല്ലുകള്‍ കൂടി എറിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ അണിനിരത്തുകയാണു് തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ കാഴ്ചപ്പാടു്.

ചുരുക്കത്തില്‍, നിലവില്‍, അഴിമതി വിരുദ്ധ സമരത്തിനിറങ്ങിയിരിക്കുന്ന മധ്യവര്‍ഗ്ഗമെന്നു് വിലയരുത്തപ്പെടുന്ന അവരെ ശരിയായി വിലയിരുത്തേണ്ടതുണ്ടു്. അവരിലേറെയും അദ്ധ്വാനം വിറ്റു് ജീവിക്കുന്നവരാണു്. പുതു തലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പരമ്പരാഗത തൊഴിലാളി സംഘടനകളുടെ കാഴ്ചപ്പാടില്‍ അസംഘടിതരാണു്. സംഘടിതരേക്കാളുപരി ചൂഷിതരാണു്. അവരെ സംഘടിപ്പിക്കുകയാണു് വേണ്ടതു്. അവര്‍ക്കു് രാഷ്ട്രീയ ബോധം ഉണ്ടാക്കുകയാണു് വേണ്ടതു്. പക്ഷെ, അവര്‍ പുതിയ രീതിയില്‍ വിവര സാങ്കേതിക ശൃംഖലയുടെ സഹായത്തോടെ സംഘടിതരാണു്. അതിനാല്‍, നിലവിലുള്ള തൊഴിലാളി സംഘടനാ വേദികളുമായി വേണ്ടത്ര ഇഴുകിച്ചേരാനുള്ള സാവകാശം നാളിതു് വരെ കിട്ടിയിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ വര്‍ദ്ധിച്ച സംഘാടന-വ്യാപന-പ്രതികരണ ശേഷി ആര്‍ജ്ജിക്കുന്നതിന്റെ ഉപാധിയായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആ പ്രക്രിയ നടക്കുക തന്നെ ചെയ്യും.

ആം ആദ്മിക്കു് പിന്നില്‍ അണിനിരന്നിരിക്കുന്നവരില്‍ നല്ലൊരു പങ്കു് സ്വയം തൊഴില്‍ സംരംഭകരാണു്. അവരെയാകട്ടെ, സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തളര്‍ത്താന്‍ മൂലധന ശക്തികളുപയോഗപ്പെടുത്തുകയാണു്. അവര്‍ ഏതെങ്കിലും പ്രത്യേക മുതലാളിയുടെ തൊഴിലാളികളല്ല. പക്ഷെ, അവര്‍ മൊത്തം മൂലധനത്തിന്റെ തൊഴിലാളികളാണു്. അവര്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. അവരേയും സംഘടിപ്പിച്ചു് ധന മൂലധനത്തിന്റെ ചൂഷണത്തില്‍ നിന്നു് മോചിപ്പിക്കേണ്ടതുണ്ടു്.

ആം ആദ്മി പാര്‍ടി നയപരമായ കാര്യങ്ങളിലും അതിന്റെ ആഭ്യന്തര സംഘടനാ രംഗത്തും വ്യക്തത വരുത്തിയിട്ടില്ലെന്നതു് അതിന്റെ കുറവു് തന്നെയാണു്. പക്ഷെ, ഇത്ര ചെറുപ്രായത്തില്‍ അത്തരം കുറവുകള്‍ കുറ്റപ്പെടുത്തലുകള്‍ക്കിരയാകേണ്ടവയല്ല, മറിച്ചു് തിരുത്തലുകള്‍ക്കിരയാക്കപ്പെടേണ്ടവയാണു്.

തല്കാലം ആം ആദ്മി പാര്‍ടി ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഉതകുമെങ്കിലും ഭാവിയില്‍ അപകടകരമാം വിധം ഫാസിസ്റ്റു് ഭരണത്തിനു് വഴിവെയ്ക്കാമെന്നതാണു് പലരും ചൂണ്ടിക്കാട്ടുന്ന അപകടം. അതു് തള്ളിക്കളയാന്‍ പാടില്ലാത്തതു് തന്നെയാണു്. അതിനു് കാരണം ആം ആദ്മി പാര്‍ടി അതിന്റെ നയനടപടികളില്‍ വ്യക്തത വരുത്താത്തതാണെന്ന വാദം, പക്ഷെ, കുറച്ചു് കടന്ന കയ്യാണു്.. അതായതു് ആം ആദ്മി പാര്‍ടി വ്യക്തമായ വര്‍ഗ്ഗീയതയ്ക്കും സാമ്രാജ്യാധിപത്യത്തിനും കുത്തക മൂലധനത്തിനും രാഷ്ട്രീയമായി ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരായ നിലപാടെടുത്തുകൊണ്ടു് ജനങ്ങളില്‍ ഭൂരിപക്ഷത്തേയും അണിനിരത്തിയിരുന്നെങ്കില്‍ അത്തരം അപകടം ഒഴിവാകുമായിരുന്നു എന്നതാണു്. അതു് ശരിയാണു്. പക്ഷെ, അത്തരം വിപുലമായ ഒരു പദ്ധതിയും കടമയും ഉത്തരവാദിത്വവും ഇന്നലെ ഉണ്ടായ ആം ആദ്മി പാര്‍ടിയുടെ മേല്‍ കല്പിച്ചു് നല്‍കുന്നതു് യുക്തി സഹമല്ല. അവര്‍ക്കെടുക്കാനാവാത്തതു് അവരെടുക്കണമെന്നു് പറയാനുള്ള അവകാശം മറ്റാര്‍ക്കുമില്ല. അതാകട്ടെ, ആം ആദ്മി പാര്‍ടിയെ കുറ്റം പറഞ്ഞു് തടിതപ്പുന്നതിനു് തുല്യമാണു്. ആ കടമകള്‍ ഏറ്റെടുക്കേണ്ടതു് ഇടതു് പക്ഷം തന്നെയാണു്. അതാണു് ഇടതു് പക്ഷത്തിന്റെ മാറാതെ, കുറയാതെ തുടരുന്ന പ്രസക്തി. തല്കാലത്തേയ്ക്കു് ബംഗാളിലും കേരളത്തിലും ഇടതു് പക്ഷത്തിനു് തെരഞ്ഞെടുപ്പു് രാഷ്ട്രീയത്തിലുണ്ടായ ക്ഷീണം മേല്പറഞ്ഞ കാര്യത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല.

സിപിഐ(എം) സെക്രട്ടറി ആം ആദ്മി പാര്‍ടിയെ വിലയിരുത്തിയതു് അരാഷ്ട്രീയ ജനവിഭാഗങ്ങളെ രാഷ്ട്രീയത്തിലണിനിരത്തിക്കൊണ്ടു് ബിജെപിയേയും കോണ്‍ഗ്രസിനേയും നേരിട്ടു് വിജയിച്ചു എന്ന അതിന്റെ ക്രീയാത്മകമായ സംഭാവന ചൂണ്ടിക്കാട്ടിയാണു്. നയങ്ങളുടേയും പരിപാടികളുടേയും രംഗത്തു് അതിനുള്ള അനിശ്ചിതത്വം പ്രശ്നമാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുമുണ്ടു്. അത്തരം അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ചു് ആം ആദ്മി പാര്‍ടി മതേതര ജനാധിപത്യ പരിസരം ശക്തമാക്കാനും ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണു് മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഏര്‍പ്പെടേണ്ടതു്. അതിനു് ആം ആദ്മിയെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല.

ആം ആദ്മി പാര്‍ടിയെ അതിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നതു് യഥാര്‍ത്ഥ ഉത്തരവാദികള്‍ രക്ഷപ്പെടുകയാണു്. നിലവില്‍ ഇന്ത്യ നേരിടുന്ന ഏതാണ്ടെല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദികളായ കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ടിയെ പഴി ചാരി രക്ഷപ്പെടാനുള്ള പരിസരമാണു് ആം ആദ്മി പാര്‍ടിയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണം മൂലം സൃഷ്ടിക്കപ്പെടുന്നതു്.

ആം ആദ്മി പാര്‍ടിയുടെ ഉദയത്തിനു് ഉത്തര വാദികള്‍ കോണ്‍ഗ്രസും ബിജെപിയും തന്നെയാണു്. അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരേയാണു് ആം ആദ്മി പാര്‍ടി രംഗത്തെത്തുന്നതു്. അവരുടെ കൊള്ളരുതായ്മകളില്‍ മനം നൊന്ത അവരുടെ അനുയായികള്‍ തന്നെയാണു് ആം ആദ്മി പാര്‍ടിയ്ക്കു് പിന്നില്‍ അണിനിരക്കുന്നതും.

എന്തു് കൊണ്ടു് ആം ആദ്മി പാര്‍ടി ? എന്തു് കൊണ്ടു് ഇടതു് പക്ഷം ആ പരിസരം ഉപയോഗപ്പെടുത്തുന്നില്ല ? എന്നീ ചോദ്യങ്ങള്‍ വരുന്നതു് അതേ കോണ്‍ഗ്രസിനേയും ബിജേപിയേയും പിന്തുണയ്ക്കുന്ന മൂലധന ശക്തികളുടെ ഭാഗത്തു് നിന്നു് തന്നെയാണു്. അതായതു്, ആം ആദ്മി പാര്‍ടിയെ ചൂണ്ടിക്കാട്ടി ഇടതു് പക്ഷത്തെ ഇകഴ്ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിവിടെ നടക്കുന്നതു്. അതില്‍ നിന്നു് മറ്റൊരു കാര്യവും വ്യക്തമാകുന്നുണ്ടു്. കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടാല്‍ അവിടെ ഉയരുന്നതു് വ്യക്തമായ ബദലുകളുള്ള ഇടതു് പക്ഷമാകരുതു് എന്ന നിലപാടു് നിലവിലുള്ള ഭരണ വര്‍ഗ്ഗത്തിനുണ്ടു് എന്നതാണു്. ചുരുക്കത്തില്‍ ഇടതു് പക്ഷത്തിന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യമാണു് ആം ആദ്മി പാര്‍ടിയെ പുകഴ്‌ത്തുക എന്ന പരിപാടിയിലൂടെ അവര്‍ നിറവേറ്റുന്നതു്.

വലതു് പക്ഷ രാഷ്ട്രീയത്തിന്റെ അപചയ ഘട്ടങ്ങളില്‍, തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍, ഇത്തരം വിഘടിത ഗ്രൂപ്പുകള്‍ വലതു് പക്ഷ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുക്കുന്നതു് ഭരണ വര്‍ഗ്ഗം തന്നെയാണെന്നതും കാണാം. 1965 ല്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസും തുടര്‍ന്നു് ആന്ധ്രയില്‍ തെലുഗു ദേശവും ആസാമില്‍ ഏജിപിയും പോലെ മറ്റു് പല വിഘടിത ഗ്രൂപ്പുകളും പ്രത്യേക രാഷ്ട്രീയ പാര്‍ടിയായതിന്റെ പിന്നില്‍ ഇടതു് പക്ഷത്തെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഭരണ വര്‍ഗ്ഗ ഇടപെടലുകളുടെ ഭാഗം തന്നെയാണു്. ഇതേ പ്രവണത വ്യത്യസ്ത രൂപങ്ങളില്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും ഇതര സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ടു്. അതായതു് ആം ആദ്മി പാര്‍ടിയുടെ ഉദയം തന്നെ ഇടതു് പക്ഷത്തിനെ മൂലയ്ക്കിരുത്താനുള്ള മാര്‍ഗ്ഗമായാണു് വലതു് പക്ഷം കാണുന്നതെന്നു് ചുരുക്കം.

ഇതെല്ലാം കണ്ടറിഞ്ഞും സമഗ്രമായി വിലയരുത്തിയും ഇടതു് പക്ഷം അതിന്റെ നിലപാടുകള്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. മേല്പറഞ്ഞ പ്രവണതകളുടെ പേരില്‍ ഇടതു് പക്ഷം, അത്തരം പുതിയ പ്രവണതകളെ കയറി ആക്രമിക്കുകയും യഥാര്‍ത്ഥ അക്രമിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്യുകയാണോ ? അതോ യഥാര്‍ത്ഥ അക്രമിയെ തുറന്നു് കാട്ടാന്‍ അവരുടെ കൊള്ളരുതായ്മകളില്‍ മനം നൊന്തു് പുറത്തു് വരികയും അവരുടെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഈ പുതിയ പ്രവണതകളേക്കൂടി ഉപയോഗിക്കുകയാണോ വേണ്ടതു് ? ഇതാണു് ഇടതു് പക്ഷത്തിന്റെ നിലപാടു് രൂപീകരിക്കുന്ന പ്രസക്തമായ ചോദ്യങ്ങള്‍.

ഇടതു് പക്ഷത്തേയും ആം ആദ്മി പാര്‍ടിയേയും താരതമ്യം ചെയ്തു് നടക്കുന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റേയും ബിജേപിയുടേയും ജന വിരുദ്ധ നയങ്ങളും വര്‍ഗ്ഗീയതയും പുറകോട്ടു് പോകാനിടയാക്കുകയാണു്. കോണ്‍ഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയം പിന്തുടരുന്നു. ഉദാരവല്കരണത്തിന്റേയും അമേരിക്കന്‍ പ്രീണനത്തിന്റേയും ഭാഗമായി കൊണ്ടു് വരപ്പെട്ട മിക്ക നിയമനിര്‍മ്മാണങ്ങളേയും ബിജെപി അനുകൂലിച്ചതിന്റെ ചരിത്രമാണു് യുപിഎ രണ്ടു് കാല ഘട്ടം. അവ തമ്മിലുള്ള വ്യത്യാസം വളരെ ലോലമാണു്. അധികാരം എങ്ങിനെ കയ്യടക്കണമെന്നതാണു് അഭിപ്രായ വ്യത്യാസത്തിനടിസ്ഥാനം. ജനങ്ങളെ എങ്ങിനെ കണ്ണില്‍ പൊടിയിട്ടു് വോട്ടു് നേടാമെന്നതു് മാത്രമാണതു്. ബിജെപി തീവ്ര വര്‍ഗ്ഗിയത കയ്യാളുന്നു, കോണ്‍ഗ്രസാകട്ടെ മൃദു വര്‍ഗ്ഗീയത കയ്യാളുന്നു. രണ്ടിനും ഫാസിസത്തിലേയ്ക്കള്ള ദൂരം വളരെ കുറവാണു്. രണ്ടും തമ്മില്‍ ചെറിയ ദൂര വ്യത്യാസം ഉണ്ടെന്നു് മാത്രം. കോണ്‍ഗ്രസിന്റെ മൃദു വര്‍ഗ്ഗീയതയുടെ, അതായതു് വര്‍ഗ്ഗിയതയെ വേണ്ടവിധം ചെറുക്കാതെ അതിനോടു് സമരസപ്പെടുകയോ അതിനു് നേരെ കണ്ണടയ്ക്കുകയോ മുഖം തിരിക്കുകയോ ചെയ്യുന്ന, നിലപാടു് തന്നെയാണു് ആം ആദ്മി പാര്‍ടിയ്ക്കും നിലവിലുള്ളതു്. അതാണു് അതിനു് നയപരമായി വ്യക്തത ഇല്ലെന്ന വിമര്‍ശനത്തിനടിസ്ഥാനം. അപ്പോള്‍, ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള മത്സരം നടക്കുമ്പോള്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പരാജയമാണു് ഇടതു് പക്ഷത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുക എന്നതാണു് ആം ആദ്മി പാര്‍ടിയല്ല, ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേരേയാണു് ഇടതു് പക്ഷത്തിന്റെ എതിര്‍പ്പിന്റെ ദിശ തിരിയേണ്ടതെന്നു് നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. പക്ഷെ, അതു് ആം ആദ്മി പാര്‍ടിയ്ക്കെതിരായി തിരിക്കാന്‍ വലതു് പക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടു്. അതിന്റെ ഭാഗമാണു് എന്തു് കൊണ്ടു് ഇടതു് പക്ഷം വന്നില്ല എന്ന ചോദ്യം. ആ ചോദ്യത്തോടുള്ള മാപ്പപേക്ഷയോടു് കൂടിയ പ്രതികരണമാണു് ആം ആദ്മി പാര്‍ടിയെ കുറ്റപ്പെടുത്തിക്കൊണ്ടും അതിന്റെ പരിമിതികളും കുറവുകളും പട്ടികപ്പെടുത്തിക്കൊണ്ടുമുള്ള ഇടതു് പക്ഷത്തു് നിന്നുള്ള വാദഗതികള്‍. ഇടതു് പക്ഷത്തിനു് കുറ്റബോധം തോന്നേണ്ട കാര്യമല്ല, ആം ആദ്മി പാര്‍ടിയുടെ ഉദയം. ഇടത് പക്ഷം നാളിതു് വരെ എടുത്ത നിലപാടുകളുടെ സാധൂകരണമാണതു്. പുതിയ ഒരു പാര്‍ടി അധികാരത്തില്‍ വന്നാല്‍ ആറു് മാസം കാത്തിരുന്നു് നോക്കി പഠിച്ചു് അഭിപ്രായം പറയുക എന്ന നിലവിലുള്ള ബൂര്‍ഷ്വാ ജനാധിപത്യ മര്യാദയിലൂന്നിയ ആനുകൂല്യമെങ്കിലും ആം ആദ്മി പാര്‍ടിയ്ക്കു് അനുവദിച്ചു് കൊടുക്കണം.

ആം ആദ്മി പാര്‍ടി ബിജെപിയ്ക്കും കോണ്‍ഗ്രസിനും ബദലായി ജനപക്ഷ നയം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഗതി ബിജെപിയുടേയും കോണ്‍ഗ്രസിന്റേതും തന്നെയായിരിക്കും. അതിനേക്കാള്‍ പരിതാപകരമായിരിക്കും. അഥവാ ജനോപകാരപ്രദമായ ബദല്‍ നയം ഒരു പരിധിവരേയെങ്കിലും നടപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ടി വിജയിച്ചാല്‍ അതു് പൊതു ജനാധിപത്യ വികാസത്തിനു് വഴിയൊരുക്കുക തന്നെയാണുണ്ടാവുക.

മേല്പറഞ്ഞതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ പരാജയത്തില്‍ നിന്നു് ബിജെപിയും അതിനെതിരായ സമരത്തില്‍ നിന്നു് കോണ്‍ഗ്രസും മുതലെടുക്കുന്ന സ്ഥിതി മാറി മറ്റൊരു വലതു് പക്ഷം എന്ന നിലയില്‍ ആം ആദ്മി പാര്‍ടിയെ സ്വാഗതം ചെയ്യുകയാണു് ഇടതു് പക്ഷത്തിന്റെ പങ്കെന്നല്ല. ഇടതു് പക്ഷത്തിനെതിരായ സമരത്തിന്റെ ഭാഗമായി വലതു് പക്ഷ സൃഷ്ടിയാണു് ആം ആദ്മി പാര്‍ടി എന്ന കാര്യം നിലനില്ക്കുമ്പോള്‍ തന്നെ, അതു് യാഥാര്‍ത്ഥ്യമായി അംഗീകരിച്ചു്, അതു് നിലവിലുള്ള രാഷ്ട്രീയത്തോടു് കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നില്‍ അണിനിരന്നിരുന്ന ജനങ്ങളുടെ എതിര്‍പ്പിന്റെ രൂപമാണെന്നു് കണ്ടറിഞ്ഞു് അതിനെ പ്രോത്സാഹിപ്പിച്ചു് അപചയത്തിന്റെ നെല്ലിപ്പടിയിലെത്തിയ നിലവിലുള്ള ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വിധിയെഴുത്തു് ത്വരിതപ്പെടുത്തുക എന്നതാണു്. അതിനാകട്ടെ, ഇടതു് പക്ഷത്തിന്റെ ശ്രമം. അതിനാവശ്യമായതു് കാലികമായ മുദ്രാവാക്യങ്ങിലൂടെ ഇടതു് പക്ഷ ബദല്‍ നയങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയാണു്. അതോടൊപ്പം യോജിക്കാവുന്നവരുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുകയും. അവിടെയാണു് ആം ആദ്മി പാര്‍ടിയോടുള്ള ഇടതു് പക്ഷത്തിന്റെ ക്രീയാത്മക വിമര്‍ശനത്തിന്റേയും ബന്ധത്തിന്റേയും പ്രസക്തി.

ആം ആദ്മി പാര്‍ടി വര്‍ഗ്ഗീയതയിലേയ്ക്കു് കൂപ്പു് കുത്താതെ നോക്കുക എന്നതും ഇടതു് പക്ഷത്തിന്റെ സ്വാഭാവിക കടമ തന്നെയാണു്. അതിനാകട്ടെ. ഇടതു് പക്ഷത്തിന്റെ ക്രിയാത്മകമായ സഹകരണം ആം ആദ്മിപാര്‍ടിക്കു് ഉറപ്പാക്കുക എന്നതാണു് വേണ്ടതു്. അതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ബിജെപിയുടെ കൈകളില്‍ എത്തിപ്പെടുന്നതു് തടയാനാകണം. അതു് സാധ്യമാകണമെങ്കില്‍, കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് ഇന്ത്യന്‍ ഭരണം മാറ്റുകയും വേണം. കാരണം, കോണ്‍ഗ്രസാണു് ജനദ്രോഹ നയങ്ങള്‍ക്കെന്ന പോലെ വര്‍ഗ്ഗിയത പ്രസരിപ്പിക്കുന്ന ബിജെപിയുടെ വളര്‍ച്ചയ്ക്കും വളക്കൂറുള്ള മണ്ണൊരുക്കുന്നതു്. ഇടതു് പക്ഷം അതിന്റെ പങ്കു് ശരിയായി തന്നെ നിറവേറ്റുമെന്നാണു് പ്രകാശ് കാരാട്ടിന്റെ ലേഖനം വ്യക്തമാക്കുന്നതു്.

മറിച്ചാണു് ആം ആദ്മി പാര്‍ടിയുടെ ഗതിയെങ്കില്‍ അതിന്റെ കൊട്ടി ഘോഷിക്കപ്പെടുന്ന അഴിമതി വിരുദ്ധ നിലപാടും ജന പക്ഷ പരിപാടികളും സുതാര്യ ഭരണവും ആധുനിക ജനാധിപത്യ വീക്ഷണവും വെറും അധര വ്യായാമം മാത്രമായി അധപ്പതിക്കും. ബിജെപിയും കോണ്‍ഗ്രസും പോലെ പരമ്പരാഗത പാര്‍ടികള്‍ അരക്കിട്ടുറപ്പിച്ചതെന്നു് ആം ആദ്മി പാര്‍ടി ആരോപിക്കന്ന പൊളിറ്റിക്കല്‍ സ്ഥാപനത്തിന്റെ വികൃതാനുകാനുബന്ധമായി അതു് സ്വയം മാറുകയും ചെയ്യും. അതോടെ അതിനു് പിന്നിലണിനിരന്നിരിക്കുന്ന പുതുതലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികളും സ്വയം തൊഴില്‍ സംരംഭകരും പുതിയ രീതിയില്‍ ആധുനിക വിവര സാങ്കേതിക ശൃംഖലയുടെ സഹായത്തോടെ ദേശ വ്യാപകമായി സംഘടിതരാകുകയും ചൂഷണ വ്യവസ്ഥയ്ക്കെതിരെ പോരാടുന്ന വിപ്ലവ ശക്തികളുടെ മുന്നണിയില്‍ തന്നെ എത്തിച്ചേരുകയും ചെയ്യും.

No comments:

Blog Archive