ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു്
കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക്കു്
കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മൂലധന ശേഷിയുണ്ടു്. അതവര്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുമുണ്ടു്. ലോകമാകെയെടുത്താല്‍ 85 ധനികരുടെ സ്വത്തു് ലോക ജന സംഖ്യയില്‍ പകുതി വരുന്ന 350 കോടി ജനങ്ങളുടെ സ്വത്തിനു് തുല്യമാണു്. കഴിഞ്ഞ ഒരു വര്‍ഷം ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 1216 ല്‍ നിന്നു് 1426 ആയി. ഒറ്റ വര്‍ഷം കൊണ്ടു് 210 പേര്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചേര്‍ന്നു. അവരുടെ ആകെ സ്വത്തു് 5400 ശതകോടി ഡോളറാണു്. ലോകം വ്യാപാര മാന്ദ്യത്തിലൂടെ കടന്നു് പോയ കാലത്താണു് ഇത്തരത്തില്‍ ശതകോടീശ്വരന്മാര്‍ വര്‍ദ്ധിച്ചതെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്.
120കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ പത്തു് വര്‍ഷത്തിനുള്ളില്‍ 6 നിന്നു് 61 ആയാണു് ഉയര്‍ന്നതു്. അവര്‍ കുന്നു് കൂട്ടിയതു് 250 ശതകോടി ഡോളറാണു്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തു് 2003 ല്‍ രാഷ്ട്ര സമ്പത്തിന്റെ 1.2 ശതമാനത്തില്‍ നിന്നു് 2008 ല്‍ 26 ശതമാനമായാണു് ഉയര്‍ന്നതു്. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇത്തരത്തില്‍ വളര്‍ന്നതു് അവര്‍ പുതിയ സമ്പത്തുല്പാദിപ്പിച്ചതിലൂടെയല്ല, മറിച്ചു്, സര്‍ക്കാരിന്റെ ഒത്താശയോടെ പരിമിതമായ പ്രകൃതി വിഭവങ്ങള്‍ കയ്യടക്കിയതിലൂടെയാണു്. (അവലംബം : Report titled "Working for the Few" released Monday, by the global aid and development organization, Oxfam : Available at : http://www.cnbc.com/id/101348398?utm_source=taboola_biggestrisks)
സര്‍ക്കാര്‍ സഹായം ജനങ്ങള്‍ക്കാണു് വേണ്ടതു്
ശതകോടീശ്വരന്മാരുടെ ധന ശേഖരണ ശേഷിയ്ക്കെതിരെ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ സഹായം ആവശ്യമായതു് ജനങ്ങള്‍ക്കാണു്, അതില്‍ തന്നെ കൂടുതല്‍ സഹായം സാമ്പത്തികമായി ദുരിതം പേറുന്ന സാധാരണ ജനങ്ങള്‍ക്കാണു് ആവശ്യമുള്ളതു്. ഭൂപരമായും സാമൂഹ്യമായും ജാതി പരമായും പിന്നോക്കം നില്കുന്നവര്‍ക്കു് പ്രത്യേക സഹായങ്ങളും ആവശ്യമുണ്ടു്.
കൂലി-വില നയം, കൃഷി നാശത്തിനു് നഷ്ടപരിഹാരം
കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് മെച്ചപ്പെട്ട വിലയും കൃഷി നാശത്തിനു് നഷ്ട പരിഹാരവും തൊഴിലാളികള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും കൂലിയും സ്വയംതൊഴില്‍ സംരംഭകര്‍ക്കു് അവരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും പ്രൊഫഷണലുകള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്രതിഫലവും ഉറപ്പാക്കപ്പെടണം. ചെറുകിട-ഇടത്തരം അവശ്യവസ്തു ഉല്പാദന സംരംഭങ്ങള്‍ക്കു് ആഭ്യന്തര സംരക്ഷിത കമ്പോളം ലഭ്യമാക്കണം. അവ ഉറപ്പാക്കും വിധം സമാന തൊഴിലുകള്‍ക്കും ചരക്കുകള്‍ക്കും കൂലി-വില നിര്‍ണ്ണയം നടത്താനുള്ള വിവര സാങ്കേതികാധിഷ്ഠിത വ്യവസ്ഥ സ്ഥാപിക്കപ്പെടണം. അതു് സുതാര്യമായി പ്രവര്‍ത്തിപ്പിക്കപ്പെടണം. ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ ലഭ്യമാക്കപ്പെടണം.
കോര്‍പ്പറേറ്റുകള്‍ക്കു് സഹായധനം നല്‍കാന്‍ പാടില്ല.
കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു് അനുവദിക്കാന്‍ പാടില്ല.
സഹായധനവും നികുതിയിളവും അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതു് ജനപ്രതിനിധി സഭയില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു് അതിന്റെ ആവശ്യകത ജന പ്രതിനിധികളേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിക്കൊണ്ടു് മാത്രമേ പാടുള്ളു.
ബഡ്ജറ്റു് നികുതി-സഹായധന നിര്‍ണ്ണയപ്രക്രിയയില്‍ നിന്നു് വേര്‍പെടുത്തണം
നിലവില്‍ ബഡ്ജറ്റിലുടെ നികുതിയിളവുകളും സഹായധന വിതരണവും മറച്ചു് പിടിക്കപ്പെടുകയാണു്. നികുതിയിളവും സഹായ ധനവും ബഡ്ജറ്റിലെ പ്രഖ്യാപനത്തിലൂടെ മാത്രം തീരുമാനിക്കുന്നതു് മതിയാവില്ല. ബഡ്ജറ്റു് മുന്‍ വര്‍ഷത്തെ വരവു് ചെലവുകളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷത്തെ പ്രതീക്ഷിത കണക്കുകളുണ്ടാക്കുകയാണു്. അതില്‍ ഉള്‍പ്പെടുത്തുന്ന നികുതികളും സഹായ ധനവും പ്രത്യേക പരിഗണന നല്‍കി തീരുമാനിക്കപ്പെടണം.
പൊതു മുതല്‍ പൊതു ഉടമസ്തതയില്‍ തന്നെ സംരക്ഷിക്കപ്പെടണം, അവയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല.
പൊതു ഭൂമിയുടെ ഉടമാവകാശം ഒരു കാരണവശാലും സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല. കാര്‍ഷിക-വ്യാവസായിക-ഭവന ആവശ്യങ്ങള്‍ക്കു് ഭൂമി നല്‍കേണ്ടതു് ആവശ്യമായി വരുമ്പോള്‍ അവയുടെ നിശ്ചിത കാലത്തേയ്ക്കുള്ള നിയതമായ ഉപയോഗാവശ്യം മാത്രമേ നല്‍കാന്‍ പാടുള്ളു.
പ്രകൃതി വിഭങ്ങളുടെ കൈകാര്യകര്‍ത്തൃത്വം സമൂഹത്തിനും സാമൂഹ്യ സംഘടനകള്‍ക്കും മാത്രമാകണം
പ്രകൃതി വിഭവങ്ങളായ ഖനികള്‍, ജലസ്രോതസുകള്‍, ഊര്‍ജ്ജ സ്രോതസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അവകാശം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമൂഹ കൂട്ടായ്മകള്‍ക്കും മാത്രമേ നല്‍കാവൂ. ഒരു കാരണ വശാലും കോര്‍പ്പറേറ്റുകളെ ഏല്പിക്കരുതു്.
പൊതു മേഖലാ ഉടമസ്തത കൈമാറാന്‍ പാടില്ല, ഓഹരികളുടെ വില്പന പാടില്ല.
പൊതു മേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റു് സ്വകാര്യ വ്യക്തികളേയും കോര്‍പ്പറേറ്റുകളേയും ഏല്പിക്കാന്‍ പാടില്ല. അവയുടെ മാനേജ്മെന്റോ കൈകാര്യ കര്‍ത്തൃത്വമോ കൈമാറേണ്ടതു് ആവശ്യമായി വന്നാല്‍ അതു് കൃത്യമായ മാനദണ്ഡങ്ങളോടെ സമൂഹ കൂട്ടായ്മകള്‍ക്കു് (സഹകരണ മേഖല, പ്രാദേശിക സമൂഹം തുടങ്ങിയവ) മാത്രമേ നല്‍കാവൂ. അപ്പോഴും ഉടമസ്തത സമൂഹത്തിന്റേതു് മാത്രമായിരിക്കണം.
പൊതു വിഭവം ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കളുടേയും പൊതു വിഭവമോ പശ്ചാത്തലമോ ഉപയോഗിക്കുന്ന സേവനങ്ങളുടേയും വില നിര്‍ണ്ണയാധികാരം സമൂഹത്തിനാകണം
പ്രകൃതി വാതകം, പെട്രോളിയം ഉല്പന്നങ്ങള്‍, ഖനി ഉല്പന്നങ്ങള്‍ ഉപയോഗിച്ചു് നിര്‍മ്മിക്കുന്ന വസ്തുക്കള്‍, പൊതു വിഭവം ഉപയോഗിച്ചു് നല്കപ്പെടുന്ന സേവനങ്ങള്‍ (ബാങ്കിങ്ങു്, ഗതാഗതം, വാര്‍ത്താ വിതരണ-പ്രക്ഷേപണം, വിവര വിനിമയം, വിനോദോപാധികള്‍ മുതലായവ) തുടങ്ങിയവയക്കു് നിരക്കുകള്‍ നിശ്ചയിക്കുന്നതു് ജന പ്രതിനിധി സഭയായിരിക്കണം. അവയുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതു് സേവന ദാതാക്കളോ അവരുടെ താല്പര്യം സംരക്ഷിക്കുന്ന അതോറിറ്റികളോ ഉദ്യോഗസ്ഥരോ ആകാന്‍ പാടില്ല. മേല്പറഞ്ഞവയ്ക്കെല്ലാം രാജ്യമാകെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഏകീകൃത നിരക്കുകളുണ്ടാകണം.
ജനങ്ങളുടെയാകെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാകണം
ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയും പാര്‍പ്പിട സുരക്ഷയും കുടിവെള്ള സുരക്ഷയും ആരോഗ്യ പരിരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ ബാദ്ധ്യതയാകണം. അതിനുള്ള സമ്പത്തു് ഇന്ത്യയിലടക്കം ലോകം നേടിക്കഴിഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയുടേയും സാമൂഹ്യ പുരോഗതിയുടേയും ജീവിത ഗുണമേന്മാ വര്‍ദ്ധനവിന്റേയും മാര്‍ഗ്ഗം ജനങ്ങള്‍ക്കിടയിലുണ്ടാകേണ്ട സഹകരണമാണു്. അതല്ലാതെ, മുതലാളിത്തം പ്രചരിപ്പിക്കുന്നതു് പോലെ അവര്‍ക്കിടയിലുള്ള മത്സരമല്ല തന്നെ. യഥാര്‍ത്ഥ ജനാധിപത്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേയും ജീവിതം മെച്ചപ്പെടുത്താനുള്ളതാകണം. അതു് അവര്‍ക്കു് പങ്കാളിത്തമുള്ളതാകണം. ജനങ്ങള്‍ക്കു് വേണ്ടി ജനങ്ങളാല്‍ നയിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണു് ജനാധിപത്യത്തില്‍ ഉരുത്തിരിയേണ്ടതെന്നും അതല്ലാതെ മൂലധന ശക്തികള്‍ക്കു് വേണ്ടി മൂലധനം നയിക്കുന്ന മൂലധനം മുടക്കി സൃഷ്ടിക്കപ്പെടുന്ന സര്‍ക്കാരല്ല വേണ്ടതെന്നും മേല്പറഞ്ഞ പഠനത്തിലൂടെ വെളിപ്പെട്ട വസ്തുതകള്‍ തെളിയിക്കുന്നു.
ജോസഫ് തോമസ്
No comments:
Post a Comment