(കടപ്പാടു് - ജാഗ്രതാ ബ്ലോഗ്, ദേശാഭിമാനി)
കോഴിക്കോട്: സാമ്രാജ്യത്വത്തിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളെ ശരിയായി മനസ്സിലാക്കി അതിനെ മാറ്റിത്തീര്‍ക്കാനാവശ്യമായ പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ സിപിഐ എം വികസിപ്പിച്ചെടുക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ചിന്തയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച മാര്‍ക്സിസം 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാര്‍ക്സിസം ഒരു പ്രമാണവാദമല്ല. അത് മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി അപഗ്രഥിക്കുന്ന ശാസ്ത്രമാണ്. കാലഘട്ടത്തിന് അനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാവണം. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതില്‍നിന്നും മുതലെടുത്ത് വളരുക എന്ന തത്വമാണ് മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്നത്. അത് ഒരിക്കലും മനുഷ്യന്റെ പുരോഗതിക്ക് ഉതകുന്നില്ല. മുതലാളിത്തത്തെ തുടച്ചുനീക്കുന്നതിലൂടെ മാത്രമേ മനുഷ്യമോചനം സാധ്യമാകൂ. സോഷ്യലിസം നടപ്പാക്കുന്നതിലെ പാളിച്ചയാണ് റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാന്‍ കാരണം.
ആഗോളവല്‍ക്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ മാര്‍ക്സിസത്തിന് പ്രസക്തി ഏറുകയാണ്. തൊഴിലിന്റെ രൂപം മാറിയെങ്കിലും തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണ്. സിപിഐ എമ്മിനെതിരെ മുമ്പ് പലരീതിയില്‍ ആക്രമിച്ചവര്‍ ഇന്ന് ഫണ്ടിന്റെ പേരില്‍ ആക്രമിക്കുകയാണ്. ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുകയും ഒപ്പം അംഗങ്ങള്‍ നല്‍കുന്ന ലെവിയും ഉപയോഗിച്ചാണ് പാര്‍ടി ഫണ്ട് സ്വരൂപിക്കുന്നത്. ടാറ്റ ഓരോ പാര്‍ടിക്കും ലഭിച്ച വോട്ടിന്റെ അനുപാതത്തില്‍ മുമ്പ് ഫണ്ടുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സിപിഐ എമ്മിന് ടാറ്റ നല്‍കിയ 60 ലക്ഷത്തിന്റെ ചെക്ക് മടക്കി അയയ്ക്കുകയും ഈ തുക സര്‍ക്കാരിനോ തെരഞ്ഞെടുപ്പുകമീഷനോ നല്‍കിയാല്‍ മതിയെന്നുമായിരുന്നു പാര്‍ടി ജനറല്‍ സെക്രട്ടറിയായ സുര്‍ജിത് പറഞ്ഞത്. തത്വസംഹിതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എമ്മെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രം എല്ലാം വാണിജ്യവല്‍ക്കരിക്കുന്നു: യെച്ചൂരി
കോഴിക്കോട്: എല്ലാ ജീവിതമേഖലയും വാണിജ്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരമാവധി ലാഭമുണ്ടാക്കാന്‍ സ്വകാര്യ മേഖലയെ പൊതുസേവനരംഗത്തേക്കും ആനയിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിനെതിരായ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിതിരായ പോരാട്ടം തന്നെയാണ്. സിപിഐ എം ടൗണ്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന "വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
വിദേശ സര്‍വകലാശാലകളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ സാര്‍വദേശീയ വാണിജ്യവല്‍ക്കരണമാണ് ഉണ്ടാകുക. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം മുമ്പാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത്. അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് 80 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ്. അത് 50 ശതമാനവും 30 ശതമാനവുമായി കേന്ദ്രം കുറച്ചു. 30 ശതമാനംപോലും ചെലവാക്കാന്‍ മടിക്കുന്നു. സാര്‍വത്രിക വിദ്യാഭ്യാസം പിന്നെ എങ്ങനെയാണ് നടപ്പാവുകയെന്ന് യെച്ചൂരി ചോദിച്ചു. വിവര സാങ്കേതിക രംഗത്തിന്റെ കേന്ദ്രമായ സിലിക്കോണ്‍ വാലിയിലും ബഹിരാകാശ ശാസ്ത്രകേന്ദ്രമായ നാസയിലും ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് ഭൂരിഭാഗവുമുള്ളത്. അവരൊക്കെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവന്നരാണ്. പൊതുവിദ്യാഭ്യാസം ശക്തമാക്കി ഇന്ത്യയിലെ യുവശക്തിക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കിയാല്‍ ലോക വൈജ്ഞാനിക നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യക്ക് കഴിയും. വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരുകള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നു. ഈ തുക സര്‍ക്കാര്‍ മേഖലയില്‍ ചെലവഴിച്ചാല്‍ സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടും. ധനികരുടെ മക്കള്‍ മാത്രം ഉപരിപഠനം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രനയം.
ബദലുകള്‍ വളര്‍ത്താനാകണം: ഐസക്
കോഴിക്കോട്: 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മൗലികതത്വങ്ങളെ നിരാകരിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബദലുകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണം. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും പുതിയ കൂട്ടായ്മകളും ബദലുകളും ഉയര്‍ന്നുവരുകയാണ്-ചിന്ത സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തര്‍ദേശീയ മൂലധനത്തിന്റെ കുത്തൊഴുക്കാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വിവര സാങ്കേതികരംഗത്ത് പുരോഗതിയുണ്ടായിട്ടും മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്നതുമൂലം പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. അസംബന്ധമാണ് മുതലാളിത്തമെന്ന ബോധം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. അനന്തമായ ആര്‍ത്തിയുണ്ടാക്കി മാത്രമേ മുതലാളിത്തത്തിന് വളരാന്‍ കഴിയുകയുള്ളു. മുതലാളിത്തവ്യവസ്ഥയ്ക്കു പകരം വേറൊന്നു വേണമെന്ന ആവശ്യം ലോകത്ത് ശക്തമായിട്ടുണ്ടെന്നും അതുകൊണ്ട് സോഷ്യലിസത്തിനേറ്റ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment