Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, January 17, 2014

കേരളത്തെ ഇനിയും തളര്‍ത്തരുത് - പ്രൊ. സി രവീന്ദ്രനാഥ്



Courtesy : Deshabhimani : Posted on: 17-Jan-2014 01:04 AM

രാജ്യവും സംസ്ഥാനവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. റബറിന്റെ വിലകൂടി തകര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ച പൂര്‍ണമായി. അഭൂതപൂര്‍വമായ വിലക്കയറ്റം ഭീതി ജനിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ വര്‍ധന സമ്പദ്വ്യവസ്ഥയെ വല്ലാതെ അലട്ടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പൂര്‍വാധികം ഗൗരവമാണ്. മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം നവലിബറല്‍ നയങ്ങളാണ്. ഇന്ത്യയില്‍ 22 വര്‍ഷങ്ങളായി തുടരുന്ന ഈ നയം ലോകത്തൊരു രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ഒന്നല്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥപോലും ദുര്‍ബലമായി. ഈ നയത്തിന്റെ വക്താവും പ്രയോക്താവുമായ ജോസഫ് സ്നിഗ്ലിറ്റ്സ് പോലും സ്വതന്ത്ര വിപണിയുടെ രൂക്ഷവിമര്‍ശകനായി മാറി. അതുകൊണ്ട് അതേ നയത്തിന്റെ തുടര്‍ച്ചയിലൂടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ഈ സത്യം ഉള്‍ക്കൊള്ളുക എന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് ചിന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചുരുക്കത്തില്‍ 2014-15 ന്റെ കേന്ദ്ര, കേരള ബജറ്റുകളില്‍ നവലിബറല്‍ കാഴ്ചപ്പാട് തിരുത്തണം എന്നര്‍ഥം. കഴിഞ്ഞ 35 വര്‍ഷത്തെ ലോക സാമ്പത്തിക ചരിത്രത്തില്‍നിന്നുമുള്ള ലളിതമായ തിരിച്ചറിവ് മാത്രമാണിത്. അതല്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഗുരുതരമായ നാണയപ്പെരുപ്പത്തെ നേരിടേണ്ടിവരും. അത് കേരളത്തെയും ബാധിക്കും. സര്‍ക്കാര്‍ മുഖ്യ തൊഴില്‍ദായക സംവിധാനമല്ല എന്ന നവലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയെ അഭിമുഖീകരിക്കാന്‍ ഒരിക്കലും കഴിയില്ല. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടരുത് എന്ന മറ്റൊരു നവലിബറല്‍ നിലപാടിന് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതല്ല. ഇറക്കുമതിയെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിലൂടെ ഇനിയും മുന്നോട്ടുപോയാല്‍ അടവു ശിഷ്ട കമ്മി കൂടുതല്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇനിയും കുറയുകയുംചെയ്യും. രൂപയുടെ മൂല്യത്തകര്‍ച്ച സാമ്പത്തികത്തകര്‍ച്ചയുടെ മുന്നോടിയാണ്. മൂല്യത്തകര്‍ച്ചയിലൂടെ നാമെടുത്ത കടത്തിന്റെ അളവ് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദേശ മലയാളികളുടെ നിക്ഷേപത്തുക വര്‍ധിക്കും എന്നത് ശരിയാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൂടിയ നിക്ഷേപംകൊണ്ട് പണ്ട് വാങ്ങിയ അത്രയും സാധനങ്ങളും വസ്തുക്കളും വാങ്ങിക്കാന്‍ കഴിയില്ല.

കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കാത്ത നവലിബറല്‍ നയത്തിലൂടെ ഉല്‍പ്പാദനമേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കഴിയില്ല എന്ന ചരിത്രാനുഭവം വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളണം. ഉല്‍പ്പാദനമേഖലകളുടെ മുരടിപ്പില്‍ എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും? രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാന്‍ ഈ നയത്തിന് കഴിയില്ല എന്ന് ചുരുക്കം. എന്നാല്‍, നവഉദാരവല്‍ക്കരണ നയത്തിന് ചില നേട്ടങ്ങള്‍ ഉണ്ട്. അത് ഊഹക്കച്ചവടത്തിന്റെ വളര്‍ച്ചയും സമസ്ത വിഭവങ്ങളുടെയും ചരക്കുവല്‍ക്കരണവുമാണ്. ഈ പ്രശ്നം സാംസ്കാരിക മൂല്യച്യുതിക്കുപോലും കളമൊരുക്കി. മാഫിയകളുടെയും തെരുവു ഗുണ്ടകളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും നാടായി നമ്മുടെ വിശ്വപ്രസിദ്ധകേരളം മാറിയതിന്റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 1200 കോടി രൂപയുടെ നികുതി വരുമാനം കുറയുകയാണുണ്ടായത്. നികുതി വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനം കുറഞ്ഞതെന്തുകൊണ്ടാണെന്ന് തിരിച്ചറിയണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചു വര്‍ഷക്കാലം ഒറ്റ പൈസപോലും നികുതി വര്‍ധിപ്പിച്ചില്ല. അക്കാലത്ത് നികുതി വരുമാനം നിരന്തരമായി വര്‍ധിച്ചു. അവസാനവര്‍ഷം 22.5 ശതമാനം വരെ നികുതി വര്‍ധിച്ചു. ഇവിടെയാണ് നവലിബറല്‍ നയവും ഇടതുപക്ഷ ബദലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത്. നവലിബറല്‍ നയത്തില്‍ സബ്സിഡികളും മറ്റു ഇടപെടലും കുറച്ചിരിക്കുകയാണ്. ഇത് ജനങ്ങളുടെ മൊത്തം വാങ്ങല്‍ശേഷി&മലഹശഴ;കുറയ്ക്കും എന്നുമാത്രമല്ല വിലക്കയറ്റം കൂട്ടുകയുംചെയ്യും. അപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ പരസ്പരപൂരകമായി ഉണ്ടാകുന്നു- വിലക്കയറ്റവും വാങ്ങല്‍ശേഷി കുറയലും. ഇതോടൊപ്പം നികുതി വര്‍ധിപ്പിക്കുകയും കൂടി ചെയ്യുമ്പോള്‍ കച്ചവടം നടക്കാത്തതുകൊണ്ട് നികുതി വരുമാനം കുറയും. ഇതാണ് 2013-14 ല്‍ സംഭവിച്ചത്. 2006-11 വരെ നികുതി വര്‍ധിപ്പിച്ചില്ല. പൊതു ഇടപെടലിലൂടെ സര്‍ക്കാര്‍ സഹായം(ഇടപെടല്‍)വര്‍ധിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയും വര്‍ധിച്ചു. അതോടെ നികുതി വരുമാനവും വര്‍ധിച്ചു. 2006-11 കാലത്ത് പൊതുമേഖലയെ മൊത്തത്തില്‍ ലാഭത്തിലേക്ക് കൊണ്ടുവന്നതിനാല്‍ രണ്ട് ഗുണം സര്‍ക്കാരിന് ലഭിച്ചു. 1. ഖജനാവില്‍ നിന്ന് പൊതുമേഖലാനഷ്ടം നികത്താന്‍ പണം കൂടുതല്‍ നല്‍കേണ്ടി വന്നില്ല. ഖജനാവിന് നേട്ടം. 2. ലാഭം കൂടിയതിനാല്‍ സര്‍ക്കാരിന് ഡിവിഡന്റ് വരുമാനം കൂടി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക്ക് റിവ്യൂ കണക്കനുസരിച്ച് വ്യാവസായിക വളര്‍ച്ച 2.8 ശതമാനമാണ്. ഇതില്‍നിന്ന് തൊഴില്‍സാന്ദ്രമായ ഉല്‍പ്പാദനമേഖല തകര്‍ന്നു, സേവനമേഖല (പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ്, ഓഹരിക്കമ്പോളം) വളര്‍ന്നു എന്നാണ് വ്യക്തമാകുന്നത്. വികലമായ ഈ വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നതാണ് അടിസ്ഥാന വിഷയം. ഈ പ്രശ്നം നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. നികുതി വരുമാനത്തിന്റെ കുറവ് ധനകമ്മി കൂടുന്നതിലേക്ക് നയിക്കും. ഈ അവസ്ഥ വീണ്ടും വണ്ടും സര്‍ക്കാരിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ വീണ്ടും വഷളാകും. 20,000 കോടി രൂപ വാര്‍ഷിക ബജറ്റ് പ്രതീക്ഷിക്കുന്ന കേരള സംസ്ഥാനത്ത് 2.6 ലക്ഷം കോടി രൂപ സഹകരണ പൊതുമേഖല, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഇത്രതന്നെ കള്ളപ്പണവും നാട്ടിലുണ്ട്. ഒട്ടും കുറവല്ലാത്ത രീതിയില്‍ നികുതി വെട്ടിപ്പും ഉണ്ട്. അങ്ങനെയുള്ള പ്രദേശത്താണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത് എന്നത് വിചിത്രമാണ്. നോണ്‍ ടാക്സ് റവന്യൂ ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും വിധം നെറ്റ് വികസിപ്പിക്കുവാന്‍ നല്ലപോലെ ശ്രമിക്കണം. ടാക്സ് ചോര്‍ച്ച തടഞ്ഞാല്‍ കോടിക്കണക്കിന് രൂപ നേടാം. സാധാരണക്കാരനെ ഒട്ടും ബാധിക്കാതെ ടാക്സ് നെറ്റും വികസിപ്പിക്കാം. അങ്ങനെ ദിശാബോധമുള്ള ഇടപെടലുകളിലൂടെ റവന്യൂ വരുമാന വര്‍ധനയുണ്ടാക്കിക്കൊണ്ട് റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാം. റവന്യൂ കമ്മി കുറച്ചുകൊണ്ടു വരും തോറും കൂടുതല്‍ കടമെടുക്കാം. ഈ കടം വലിയ തോതിലുള്ള ആഭ്യന്തരകടമായിരിക്കണം. ഇങ്ങനെയെടുക്കുന്ന പണം പൂര്‍ണമായും മൂലധന നിക്ഷേപമാക്കി മാറ്റണം. ഇത്തരം മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കത്തക്ക രീതിയിലും ആയിരിക്കണം. ഉല്‍പ്പാദന മേഖലയില്‍ത്തന്നെ കാര്‍ഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കണം. എങ്കില്‍മാത്രമേ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിക്കൊണ്ടും തൊഴിലും ഭക്ഷണവും സൃഷ്ടിച്ചുകൊണ്ടും സുസ്ഥിര വികസനം നേടാന്‍ കഴിയൂ. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണം ബജറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനുവേണ്ടി സൃഷ്ടിക്കുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ നിശ്ചയമായും പരിസ്ഥിത സൗഹൃദ സംരംഭങ്ങളായിരിക്കണം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള പ്രധാന മാര്‍ഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ്. ഇവ ചേര്‍ന്നാല്‍ ഒട്ടനവധി പരിസ്ഥിതി സൗഹൃദ ഉല്‍പ്പാദന സംരംഭങ്ങള്‍ ആരംഭിക്കാം. ഉല്‍പ്പാദനത്തിനും വിതരണത്തിനും കുടുംബശ്രീയെന്ന ജനകീയ മഹാപ്രസ്ഥാനത്തെക്കൂടി കൂട്ടുചേര്‍ത്താല്‍ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇതിനെല്ലാം ഉതകുന്ന സമഗ്രമായ ബജറ്റ് കാഴ്ചപ്പാട് അനിവാര്യമാണ്.

വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണവും നടക്കുന്നു. ജനതയുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ മാറ്റിക്കുറിക്കാന്‍ ഭരണത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. ഇതിന് നവലിബറല്‍ അജന്‍ഡയ്ക്ക് കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഫലമെന്തെന്ന് കേരളം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതില്‍നിന്നുള്ള തിരിഞ്ഞോട്ടത്തെ കേരളജനത തടഞ്ഞുനിര്‍ത്തിയേ പറ്റൂ. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വകാര്യവല്‍ക്കരണത്തിനുള്ള ഭരണകൂടനീക്കവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ സ്വകാര്യവല്‍ക്കരണം ഭൂരിപക്ഷത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിലേക്കാണ് നയിക്കപ്പെടുക. ഇനിയും നവലിബറല്‍ നയങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേരളം തകര്‍ന്നുപോകും.

- See more at: http://www.deshabhimani.com/newscontent.php?id=406640#sthash.4qJyO3Jo.dpuf

No comments:

Blog Archive