Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, October 25, 2011

എന്തു് കൊണ്ടു് പൊതുമുതല്‍ കൊള്ളയും ക്ഷേമ പദ്ധതികളുടെ വെട്ടിക്കുറവും ? പരിഹാരമെന്തു് ?

- ജോസഫ് തോമസ് -

25-10-2011 ലെ ദേശാഭിമാനിയില്‍ വളരെ കാലിക പ്രസക്തമായ രണ്ടു് ലേഖനങ്ങളുണ്ടു്. ഇന്നു് ലോകത്തു് ജനാധിപത്യത്തിനു് വേണ്ടി നടക്കുന്ന സമരങ്ങളും അവയോടു് വ്യത്യസ്ഥ ചേരികള്‍ അനുവര്‍ത്തിക്കുന്ന നിലപാടുകളും അവയുടെ സങ്കീര്‍ണ്ണതകളും മനസിലാക്കാന്‍ ഇവ രണ്ടും ചേര്‍ത്തു് വായിക്കേണ്ടതാണു്. ഒന്നു്, നവ ഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളേക്കുറിച്ചു് സ. കെ. വരദരാജന്‍ എഴുതിയതാണു്. മറ്റൊന്നു്, മൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തിയേക്കുറിച്ചു് പ്രൊ. കെ. എന്‍ ഗംഗാധരന്‍ എഴുതിയതാണു്. നിലവിലുള്ള സ്ഥിതി നന്നായിത്തന്നെ മേല്‍ ലേഖനങ്ങളില്‍ വിശദമാക്കപ്പെടുന്നുണ്ടു്. ഉദാരവല്‍ക്കരണത്തിനെതിരായ സമരങ്ങളുടെ ദിശയെന്തായിരിക്കണം, ഉയര്‍ത്തപ്പെടേണ്ട മുദ്രാവാക്യമെന്തു്, മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ പരിഹാരമെന്തു് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത ഉരുത്തിരിയേണ്ടതുണ്ടു്. അതിനായി ധന മൂലധനം എത്തിച്ചേര്‍ന്നിട്ടുള്ള പ്രതിസന്ധിയുടെ ചില പ്രത്യേകതകള്‍ ഒന്നു് കൂടി ആഴത്തില്‍ പരിശോധിക്കുകയാണിവിടെ.

ഒന്നാമത്തെ ലേഖനത്തില്‍ ആഗോളമായി ഉയര്‍ന്നു് വരുന്ന പ്രക്ഷോഭത്തിന്നു് പിന്നില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും പാപ്പരീകരണമാണെന്നും അതിനു് കാരണമായി ഭവിച്ചിട്ടുള്ളതു് ധന മൂലധനം ആഗോളമായി അനുവര്‍ത്തിച്ചിട്ടുള്ള ഉദാരവല്‍ക്കരണ നയമാണെന്നും അതിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ധന മൂലധനത്തിനു് നല്‍കപ്പെടുന്ന അളവില്ലാത്ത സ്വാതന്ത്ര്യവും പൊതു മുതല്‍ കൊള്ളയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതുമാണെന്നും വിശദമാക്കപ്പെട്ടു. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി ഒരു വശത്തു് മൂലധനം കുന്നു് കൂടുമ്പോള്‍ മറുവശത്തു് ജനങ്ങളില്‍ ബഹു ഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു. അതാണു് പ്രക്ഷോഭ വേലിയേറ്റത്തിന്റെ ഭൌതിക പശ്ചാത്തലമെന്നു് ലേഖനം സമര്‍ത്ഥിക്കുന്നു.

രണ്ടാമത്തെ ലേഖനത്തില്‍ ഉദാരവല്‍ക്കരണത്തിലേക്കു് നയിച്ച ആഗോള ധന മൂലധനത്തിന്റെ രൂപീകരണവും അതും വ്യവസായ മൂലധന ഘട്ടവും തമ്മില്‍ മൂലധന ഘടനയിലും മൂലധന വിന്യാസത്തിലും വന്നിട്ടുള്ള വ്യത്യാസവും അതു് മൂലം മൂലധന വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയും കൂടുതല്‍ ലാഭം നേടാനാവുന്ന ഇടങ്ങളിലേക്കു് ധന മൂലധനത്തിന്റെ ആഗോളമായ ഒഴുക്കും അതിനു് ഒത്താശ ചെയ്യുന്ന ദേശ രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളുടെ നയവും വിശദീകരിക്കപ്പെട്ടിട്ടുണ്ടു്.

രണ്ടാം ലേഖനം പറയുന്നതു് ശ്രദ്ധിക്കുക. "ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത രീതിയെങ്കില്‍ മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നപ്പോള്‍ ഓഹരി നിക്ഷേപമായി ലാഭത്തിന്റെ മാര്‍ഗം. ഉല്‍പ്പാദന മൂലധനത്തിന്റെ സ്ഥാനം ഓഹരി മൂലധനം ഏറ്റെടുത്തു. മുതലാളിത്തം വളര്‍ന്നപ്പോള്‍ വ്യവസായങ്ങള്‍ മാത്രമല്ല വികസിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളും വളര്‍ന്നു. എണ്ണംകൊണ്ടും വണ്ണംകൊണ്ടും. വ്യവസായങ്ങള്‍ക്ക് മൂലധനം വേണം. അത് ബാങ്കുകള്‍ നല്‍കി. വ്യവസായങ്ങളുടെ ലാഭം ബാങ്കുകളിലേക്കൊഴുകി. ബാങ്കുകള്‍തന്നെ വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായികള്‍ ബാങ്കുകളും. വ്യവസായങ്ങളുടെ നിയന്ത്രണം ബാങ്കുകള്‍ കൈക്കലാക്കിയപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളും കൈയടക്കി. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും ഇഴുകിച്ചേര്‍ന്നു. വിഭജനരേഖ ഇല്ലാതായി. രണ്ടും ചേര്‍ന്ന് ധനമൂലധനമായി മാറി."

ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുന്ന ആദ്യഘട്ടത്തില്‍ ലാഭത്തിനടിസ്ഥാനം വ്യവസായ തൊഴിലാളികളില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന മിച്ചമൂല്യമാണു്. കൂലി കൊടുത്തു് അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി അദ്ധ്വാനത്തിന്റെ ഉല്പന്നം കൈക്കലാക്കി, അവ കമ്പോളത്തില്‍ വിറ്റു് കിട്ടുന്ന തുകയില്‍ നിന്നു് മൂലധനച്ചെലവുകളും അസംസ്കൃത സാധനങ്ങളുടെ വിലയും കൂലിയും കഴിച്ചു് ബാക്കി വരുന്നതാണു് വ്യവസായ മൂലധനത്തിന്റെ ലാഭം. ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണരൂപവും കൂലിവ്യവസ്ഥയിലടങ്ങിയ ചൂഷണം മറച്ചു് വെയ്ക്കാന്‍ മുതലാളിത്തത്തെ സഹായിക്കുന്നു. വ്യവസായത്തില്‍ നടക്കുന്ന മൂല്യ വര്‍ദ്ധനവിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനശേഷിയെന്ന ഒരേ ഒരു സജീവ ഘടകമാണു്. മറ്റെല്ലാം മുന്‍കാലാദ്ധ്വാനം ഈട്ടം കൂടിയതോ പ്രകൃതി വിഭവങ്ങളോ മാത്രമാണു്. അവയൊന്നും മൂല്യവര്‍ദ്ധന വരുത്തുന്നില്ല. അതിനാല്‍, ആ ഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ തൊഴിലാളികളെ പണിക്കു് വെച്ചു് കൂടുതല്‍ കൂടുതല്‍ ഉല്പാദനം നടത്തിച്ചു് കൂടുതല്‍ കൂടുതല്‍ കമ്പോളം കണ്ടെത്തി കൂടുതല്‍ കൂടുതല്‍ ചരക്കു് വിറ്റു് കൂടുതല്‍ കൂടുതല്‍ മുച്ചമൂല്യം നേടുക എന്നതായിരുന്നു പ്രവര്‍ത്തന രീതി. കിട്ടുന്ന മിച്ചമൂല്യം ഭൂവുടമയുടെ വാടകയായും ബാങ്കു് വായ്പയ്ക്കു് പലിശയായും സര്‍ക്കാരിനു് നികുതിയായും ഉദ്യോഗസ്ഥനു് കൈക്കൂലിയായും ബാക്കി വ്യവസായ മുതലാളി തന്റെ ലാഭമായും പങ്കു് വെച്ചു. ലാഭത്തില്‍ നിന്നു് ഭാവി നിക്ഷേപമൂലധനം സ്വരൂപിക്കുകയും ചെയ്തു. ഇതിലൂടെയാണു് മൂലധനവും ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉല്പാദനവും വളര്‍ന്നതു്. ഈ ഘട്ടത്തില്‍ മുതലാളിത്തം പുരോഗമന പരമായിരുന്നു. കൂടുതല്‍ സമ്പത്തുല്പാദിപ്പിച്ചു. കൂടുതല്‍ ജനങ്ങള്‍ക്കു് തൊഴില്‍ നല്‍കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി. കൂടുതല്‍ ചരക്കുകള്‍ കമ്പോളത്തിലെത്തിച്ചു. ഒട്ടേറെ പുതിയ ചരക്കുകള്‍ ഉല്പാദിപ്പിച്ചു് ലഭ്യമാക്കുന്നതിലൂടെ പൊതുവെ സമൂഹത്തിന്റെ ക്ഷേമത്തിനു് കാരണമായിട്ടുണ്ടു്.

ധന മൂലധനം രൂപപ്പെട്ടപ്പോള്‍ മൂലധന ഘടനയിലും മൂലധന വിന്യാസത്തിലുമുണ്ടാക്കിയ മാറ്റം മുതലാളിത്ത വ്യവസ്ഥയോടു് അവരുടെ കൂട്ടായ ഉത്തരവാദിത്വത്തിനും മൊത്തം മൂലധന വ്യവസ്ഥയുടെ നിലനില്പിനും വ്യക്തികളായ മുതലാളിമാരുടെ സംരക്ഷണത്തിനുമൊക്കെ ഉപകരിച്ചപ്പോഴും പുതിയൊരു പ്രതിസന്ധിയുടെ വിത്തും അതു് സൃഷ്ടിച്ചു. നാളതു് വരെ വ്യവസായത്തില്‍ നിക്ഷേപിച്ച മൂലധനത്തിനു് മാത്രം മിച്ചമൂല്യം കിട്ടിയാല്‍ മതിയായിരുന്നു. കെട്ടിക്കിടക്കുന്ന മൂലധനത്തിനു് മിച്ച മൂല്യം കിട്ടില്ലായിരുന്നു. അതായിരുന്നു മൂലധനത്തെ സജീവമാക്കുന്നതിനുള്ള പ്രേരക ഘടകം. ലാഭം കിട്ടണമെങ്കില്‍ വ്യവസായത്തില്‍ നിക്ഷേപിക്കണം. സംരംഭകത്വം കാട്ടണം. ധനമൂലധനം രൂപപ്പെട്ടതോടെ മൊത്തം ധനമൂലധനത്തിനും മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പിലും ഉന്നമനത്തിലും താല്പര്യം എടുക്കേണ്ടി വന്നതു് പോലെ മൊത്തം മൂലധനത്തിനുമായി ലാഭം വീതിക്കേണ്ടിയും വന്നു. മുമ്പു് കെട്ടിക്കിടക്കുന്ന മൂലധനത്തിനു് ലാഭം കിട്ടുമായിരുന്നില്ല. ഇന്നിപ്പോള്‍, ധനമൂലധന ഘട്ടത്തില്‍, മൊത്തം മൂലധനത്തിനും ലാഭ വിഹിതം കണ്ടേതീരൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ ലാഭം കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓഹരി കമ്പോളത്തില്‍ അതു് പ്രതിസന്ധി സൃഷ്ടിക്കും. പ്രതിസന്ധി ഓഹരി കമ്പോളത്തില്‍ പ്രതിഫലിക്കുക എന്നാല്‍ മൂലധന പ്രതിസന്ധി അംഗീകരിക്കുക എന്നും ഓഹരി കമ്പോളത്തിന്റെ ഇടിവിനു് അനുവദിക്കുക എന്നുമാണു്. മുതലാളിത്തത്തിന്റെ പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഓഹരി കമ്പോള തകര്‍ച്ചയ്ക്കും തുടര്‍ന്നു് വ്യവസ്ഥാ പ്രതിസന്ധിയ്ക്കും അതു് കാരണമാകും.

അതേ സമയം, തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതു് പോലെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യം മുതലാളിത്തത്തിന്റെ സുഗമമായ പുരോഗതിക്കു് തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ കമ്പോളത്തിലേക്കു് കൂടുതലായി എത്തുന്ന വിഭവത്തേക്കാള്‍ കൂടുതല്‍ ചരക്കുകളുടെ വിലയായി തിരിയെ പിടിച്ചാണു് മേല്പറഞ്ഞ മിച്ചവും അതില്‍ നിന്നു് ലാഭവും അതിലൂടെ മൂലധനവും സ്വരൂപിക്കുന്നതെന്നതിനാല്‍ വര്‍ദ്ധിച്ച ഉല്പദനത്തിലൂടെ കമ്പോളത്തിലെത്തിയ ചരക്കുകളെല്ലാം വിറ്റഴിയപ്പെടാതാകും. ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളും ഉല്പാദനം കുറയ്ക്കാന്‍ വ്യവസായ മുതലാളിയും നിര്‍ബ്ബന്ധിതരാകും. കമ്പോള മാന്ദ്യം നേരിടും. ഇതെല്ലാം സംഭവിച്ചുകൊണ്ടേയിരുന്നു.

വിദേശ കമ്പോളം കുറേക്കാലം പരിഹാരമായിരുന്നു. വീണ്ടും പ്രതിസന്ധി രൂപപ്പെട്ടു. വിവിധ മൂലധന വിഭാഗങ്ങള്‍ വിദേശ കമ്പോളം കയ്യടക്കി കോളനികളാക്കി. കോളനി ചൂഷണം കുറേക്കാലം കൂടി മുതലാളിത്തത്തിനു് ആയുഷ്കാലം കൂട്ടിക്കൊടുത്തു. പക്ഷെ, പ്രതിസന്ധി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പ്രതിസന്ധി പല മുതലാളിമാരേയും ദീവാളി കുളിപ്പിച്ചു. പ്രതിസന്ധി തരണം ചെയ്യാനായി നടന്ന ശ്രമത്തിന്റെ ഭാഗമാണു് പ്രൊ കെ എന്‍ ഗംഗാധരന്‍ തന്റെ വിശകലനത്തില്‍ ചൂണ്ടിക്കാട്ടിയ ധന മൂലധനത്തിന്റെ രൂപീകരണം. അതിലൂടെ വ്യക്തികളായ മുതലാളിമാര്‍ പാപ്പരാകാതെ തടിതപ്പാനുള്ള മാര്‍ഗ്ഗമാണു് കണ്ടെത്തിയതു്. നഷ്ടം ഉണ്ടായാല്‍ ഓഹരി ഉടമകള്‍ക്കു് മാത്രമായും അതിന്റെ പരിധി ഓഹരി നിക്ഷേപത്തോളം മാത്രവും എന്നതായിരുന്നു ലിമിറ്റഡ് കമ്പനിയുടെ തത്വം. എത്ര നഷ്ടമുണ്ടായാലും ഓഹരിയില്‍ കൂടുതല്‍ ബാധ്യത നിക്ഷേപകനില്ല. ലാഭമുണ്ടെങ്കില്‍ ഓഹരി ഉടമകള്‍ക്കു് വീതിച്ചു് കിട്ടും. പക്ഷെ, കമ്പനിയുടെ യഥാര്‍ത്ഥ നില അറിയുന്ന നടത്തിപ്പുകാര്‍ നഷ്ടമുണ്ടാകുന്നതിനോ നഷ്ടം പ്രഖ്യാപിക്കുന്നതിനോ മുമ്പേ തങ്ങളുടെ ഓഹരി കൈമാറി തടി കഴിച്ചിലാക്കും. അവസാന നഷ്ടം കമ്പനിയുമായി ബന്ധമില്ലാത്ത ഓഹരി ഉടമകള്‍ക്കു് മാത്രമായി ചുരുങ്ങും. കമ്പനികളില്‍ നിന്നു് സമ്പത്തു് ചോര്‍ത്തിയെടുത്തു് മൂലധനം പെരുപ്പിക്കാന്‍ നടത്തിപ്പുകാരെ സഹായിക്കുന്നതുമായി മാറി ഈ സംവിധാനം.

മറ്റൊരു വശത്തു്, ഓഹരി കൈമാറ്റങ്ങളിലൂടെയും സംയോജനത്തിലൂടെയും ഏറ്റെടുക്കലിലൂടെയും വ്യവസായ സാമ്രാജ്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍ ഓരോ വിഭാഗവും തങ്ങളുടെ നിലനില്പിനായി മത്സരത്തിലേര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായി. വിവിധ മുതലാളിത്ത വിഭാഗങ്ങള്‍ തമ്മില്‍ കമ്പോളത്തിനായി കടിപിടി കൂടി. കമ്പോളത്തിനു് വേണ്ടിയുള്ള മത്സരം മാത്രമല്ല, ആയുധമെടുത്തുള്ള പോരാട്ടങ്ങല്‍ തന്നെ നടത്തി. അതിന്റെ ഭാഗമായി പ്രാദേശിക യുദ്ധങ്ങളിലും തുടര്‍ന്നു് രണ്ടു് ലോക മഹാ യുദ്ധങ്ങളിലും മുതലാളിത്തം ഏര്‍പ്പെട്ടതു് നാം കണ്ടു. വ്യവസായ മൂലധനവും ബാങ്കിങ്ങു് മുലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടതോടെ മുതലാളിത്തം ഒരുയര്‍ന്ന ഘട്ടത്തിലേക്കു് മാറിയ കാര്യം രണ്ടാം ലേഖനത്തില്‍ വിശദമാക്കപ്പെട്ടിട്ടുണ്ടു്. ആ ഘട്ടത്തില്‍ റഷ്യയില്‍ തൊഴിലാളി വര്‍ഗ്ഗം അധികാരം പിടിച്ചെടുത്തതു് കുറേ കമ്പോളം നഷ്ടപ്പെടാനിടയാക്കി. പ്രതിസന്ധി മൂര്‍ച്ഛിക്കാനതു് കാരണമായി. മാത്രമല്ല, സോഷ്യലിസത്തിന്റെ ഉദയം തൊഴിലാളി ക്ഷേമം ഉറപ്പാക്കാനുള്ള സമ്മര്‍ദ്ദവും ലോകത്താകെ മുതലാളിത്തത്തിനു് മേല്‍ ചെലുത്തി. ക്ഷേമ ചെലവു് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായി കെയിന്‍സിനേപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നോട്ടു് വെയ്ക്കുകയുമുണ്ടായി.

രണ്ടാം ലോക യുദ്ധാനന്തരം സോഷ്യലിസ്റ്റു് ചേരി വിപുലപ്പെടുകയും കോളനി വ്യവസ്ഥ അവസാനിക്കുകയും ചെയ്തതു് മുതലാളിത്ത കമ്പോളം വീണ്ടും ചുരുങ്ങാനിടയാക്കി. മുതലാളിത്തത്തിന്റേയും ആഗോള ധന മൂലധനത്തിന്റെ കേന്ദ്രീകരണമായ സാമ്രാജ്യത്വത്തിന്റേയും ഇടപെടല്‍ ശേഷി ഗണ്യമായി പരിമിതപ്പെട്ടു. മാത്രമല്ല, ഉല്പാദന-വ്യാപാര മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും ഓഹരി കമ്പോള പ്രതിസന്ധിയുമൊന്നും ഇനിമേല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചെലവില്‍ പരിഹരിക്കാനാവില്ല എന്ന സ്ഥിതിയും സൃഷ്ടിച്ചു. കാരണം, ബദല്‍ വ്യവസ്ഥ ശക്തമായി നിലവില്‍ വന്നു. അതിനാല്‍ പ്രതിസന്ധി ഉണ്ടാകാതെ നോക്കാനും അതോടൊപ്പം പ്രതിസന്ധി ഉണ്ടായാല്‍ അതു് മറച്ചു് പിടിക്കാനുള്ള തന്ത്രങ്ങളും അവിഷ്കരിക്കാന്‍ മുതലാളിത്തം നിര്‍ബ്ബന്ധിതമായി.

തുടര്‍ന്നിങ്ങോട്ടു് മുതലാളിത്തത്തിന്റെ പ്രയാണം വലിയ പ്രതിസന്ധി രഹിതമായിട്ടാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇടക്കിടെ പ്രതിസന്ധി രൂപപ്പെട്ടിരുന്നെങ്കിലും അവയില്‍ നിന്നു് കരകയറിയുമിരുന്നു. ഇടയ്ക്കിടെ ചെറിയ കുതിപ്പു് രേഖപ്പെടുത്തിയിരുന്നെങ്കിലും മുതലാളിത്തത്തെ പ്രതിസന്ധി വിട്ടൊഴിയാതെ തുടര്‍ന്നു പോന്നു. എങ്കിലും അതില്‍ നിന്നൊക്കെ കരകയറാന്‍ മുതലാളിത്തം പ്രാപ്തമാണെന്ന സന്ദേശം ലോകത്തിനു് നല്‍കപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധാനന്തര ഘട്ടത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സാമ്പത്തിക സഹായം കൊടുക്കുന്നുവെന്ന പേരിലുള്ള ഉപാധികളിലൂടെ അവരുടെ കമ്പോളത്തില്‍ പ്രവേശനം നേടി മുതലാളിത്ത കുതിപ്പു് സൃഷ്ടിക്കാനോ പ്രതിസന്ധി തല്കാലത്തേയ്ക്കു് ഒഴിവാക്കാനോ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സമ്പത്തിന്റെ ഒഴുക്കു് അവികസിത-വികസ്വര നാടുകളില്‍ നിന്നു് വികസിത നാടുകളിലേയ്ക്കായിരുന്നു. അതു് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിട്ടുണ്ടു്. തുടര്‍ന്നു് ഒരു ഘട്ടത്തില്‍ സേവനങ്ങളെല്ലാം ചരക്കുകളായി കണക്കാക്കണമെന്നും അവയിലുള്ള വ്യാപാരത്തിനും കമ്പോളം തുറന്നു് കിട്ടണെന്നുമുള്ള വാദഗതി ഉയര്‍ത്തി കമ്പോളം വികസിപ്പിച്ചു.

ശക്തമായൊരു സോഷ്യലിസ്റ്റു് ചേരിയുടെ നിലനില്പും അതിന്റെ സഹായത്തോടെ ശക്തിപ്പെട്ടു് വികസിച്ചു് വന്ന ചേരിചേരാതെ നിന്ന രാജ്യങ്ങളുടെ സമ്പദ്ഘടനകളും അക്കാലത്തെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിന്റെ തുടക്കത്തില്‍ സോവിയറ്റു് വ്യവസ്ഥയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലെ സോഷ്യലിസ്റ്റു് ഭരണങ്ങള്‍ക്കും ഏറ്റ തിരിച്ചടി ധനമൂലധനാധിപത്യത്തിനു് വലിയൊരാശ്വാസമായി. അതോടെ സോവിയറ്റു് യൂണിയനു് കീഴിലായിരുന്ന ഭൂപ്രദേശവും കിഴക്കന്‍ യൂറോപ്പും മുതലാളിത്ത കമ്പോളത്തോടു് കൂട്ടിച്ചേര്‍ക്കപ്പെട്ടു. സോഷ്യലിസത്തിനേറ്റ പിന്നോട്ടടി, ഒരു വശത്തു്, ചേരിചേരാ രാഷ്ട്രങ്ങളെ വരുതിയിലാക്കാന്‍ സാമ്രാജ്യത്വത്തിനെ സഹായിച്ചു. സോവിയറ്റു് സഹായത്തോടെ സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് നിന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ അതിനു് കഴിഞ്ഞു. അഫ്ഘാനിസ്ഥാനും ഇറാക്കും ഇപ്പോള്‍ ലിബിയയും അക്കൂട്ടത്തിലുണ്ടു്. ഇവിടെയെല്ലാം എണ്ണ സമ്പത്തു് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമായിരുന്നു.

എന്നാല്‍ മുതലാളിത്ത കമ്പോളത്തിലേയ്ക്കു് കൂട്ടിച്ചേര്‍ക്കപ്പെട്ട സോവിയറ്റു്-കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍ ധനമൂലധന ചൂഷണത്തിനു് പ്രതീക്ഷിച്ചതു് പോലെ പ്രയോജനപ്പെട്ടില്ല. അവയുടെ നിലനില്പിനു് സഹായം കൊടുക്കേണ്ട ഗതികേടിലായി സാമ്രാജ്യത്വം. അവയില്‍ പലതും സാമ്രാജ്യത്വ ചൂഷണത്തിനു് നിന്നു് കൊടുക്കാന്‍ തയ്യാറായില്ല. അവിടങ്ങളിലെ സാമൂഹ്യ സമ്പത്തു് കൊള്ളയടിച്ചു് രൂപപ്പെട്ട പുത്തന്‍ മൂലധന മാഫിയകള്‍ സാമ്രാജ്യത്വത്തിനു് ബാദ്ധ്യതകളാകുന്ന സ്ഥിതിയും ഉണ്ടായി. അതോടെ, റഷ്യയെ അതിന്റെ പാട്ടിനു് വിടാന്‍ സാമ്രാജ്യത്വം നിര്‍ബ്ബന്ധിതമായി. റഷ്യന്‍ ജനത പ്രതീക്ഷിച്ചതു് കിട്ടാതെ പുതിയൊരു തിരിച്ചറിവിന്റെ പാതയിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നു.

അതേ സമയം, സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ അടുക്കള മുറ്റമായി പരിഗണിക്കപ്പെട്ടിരുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഇക്കാലത്തു് സാമ്രാജ്യത്വ ചൂഷണത്തിന്റെ കാഠിന്യം മൂലം അതിനെതിരായ ജനകീയ മുന്നേറ്റങ്ങളിലൂടെ സാമ്രാജ്യത്വ സ്വാധീനത്തിനു് പുറത്തു് കടന്നു.

ഇതെല്ലാം ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം പണ്ടേപ്പോലെ നിലനിര്‍ത്താന്‍ കഴിയാത്ത ലോക സാഹചര്യം സൃഷ്ടിച്ചു. ലോകമാകെ നിലനിര്‍ത്തിപ്പോന്ന സൈനിക കേന്ദ്രങ്ങളും സംഘര്‍ഷ മേഖലകളും സാമ്രാജ്യത്വ നേതൃത്വത്തിനു് വലിയ ബാധ്യതകളായി മാറി. സാമ്രാജ്യത്വ നേതൃത്വം തന്നെ ഇന്നു് അമേരിക്കയക്കു് ബാദ്ധ്യതയായിരിക്കുന്നു. അതാണു് അമേരിക്കയെ ഏറ്റവും വലിയ കടക്കാരനായി മാറ്റിയതും കടം കൊള്ളാനുള്ള വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയതും.

അതാണു്, ഇന്നു് ക്ഷേമ നടപടികള്‍ വെട്ടിക്കുറച്ചതിനു് പിന്നിലും അതിലൂടെ വാള്‍സ്ട്രീറ്റു് കയ്യേറ്റ സമരത്തിലേയ്ക്കു് അമേരിക്കന്‍ ജനതയെ തള്ളി വിട്ടതിനു് പിന്നിലുമുള്ള ചരിത്ര യാഥാര്‍ത്ഥ്യം.

നഗ്നമായ പൊതു മുതല്‍ കൊള്ളയും അതിനു് ഭരണാധികാരികള്‍ കൂട്ടു് നില്‍ക്കുന്നതും എന്തുകൊണ്ടെന്നു് മനസിലാക്കാന്‍ മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തന രീതിയെക്കുറിച്ചും അതിലൂടെ മുതലാളിത്തം ഇന്നെത്തിച്ചേര്‍ന്നിട്ടുള്ള പതനത്തേക്കുറിച്ചും കൂടി നാം പഠിക്കേണ്ടതുണ്ടു്.

പുതിയ ഉപഭോഗ ചരക്കുകള്‍ സൃഷ്ടിക്കുക എന്നതും നിലവിലുള്ള ചരക്കുകള്‍ക്കു് പുതിയ ഗുണ മേന്മകള്‍ ഏര്‍പ്പെടുത്തി വര്‍ദ്ധിച്ച മൂല്യത്തിനു് വില്കുകയും അത്തരത്തില്‍ ധനവാന്മാരുടെ ഉപഭോഗത്തിനായുള്ള വില്പനയും അവര്‍ ഉപേക്ഷിക്കുന്നവ താഴെത്തട്ടിലുള്ളവരുടെ ഉപഭോഗാവശ്യം നിര്‍വഹിക്കുന്നതിനുള്ള തുടര്‍ വില്പനയും നടത്തി മൊത്തത്തില്‍ കമ്പോളം വികസിപ്പിക്കുക എന്നതും മുതലാളിത്തം എല്ലാക്കാലത്തും ഉപയോഗിച്ചു് പോന്നൊരു മാര്‍ഗ്ഗമാണു്. വാഹനങ്ങള്‍, ടിവി, ഫ്രിഡ്ജു്, എയര്‍ കണ്ടീഷനറുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി ആധുനിക ഉപഭോഗ വസ്തുക്കളിലെല്ലാം ഈ പ്രവണത കാണാം.

പുതിയ ചരക്കുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാറ്റിനേയും വില്പന ചരക്കാക്കുക എന്നതു് മുതലാളിത്തത്തിന്റെ സ്വഭാവമാണു്, അതിന്റെ നിലനില്പിന്റെ ഉപാധിയാണു്. അതാണു് മുതലാളിത്തത്തിന്റെ സജീവതയ്ക്കു് നിദാനമായി ചൂണ്ടിക്കാട്ടപ്പെടുന്നതു്. അതു് മൂലം ഒട്ടേറെ നേട്ടങ്ങള്‍ സമൂഹത്തിനു് ഉണ്ടായിട്ടുമുണ്ടു്. അതേ സമയം അതു് സമൂഹത്തെ കുത്തി കവരുന്നതിനുള്ള ചൂഷണ മാര്‍ഗ്ഗമായി ഉപയോഗിച്ചു് സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും ദരിദ്രരാക്കുകയും ചെയ്യുന്നു. എല്ലായിടത്തും ലഭ്യവും വിലയില്ലാതെ സമൂഹ സമ്പത്തായി കണക്കാക്കി പരക്കെ ഉപയോഗിക്കപ്പെടുന്നതുമായ ഭൂമി മാത്രമല്ല, പ്രകൃതി വിഭവങ്ങളായ വെള്ളവും സ്പെക്ട്രവും അത്തരത്തില്‍ ചരക്കാക്കി കഴിഞ്ഞു. മുതലാളിത്തം ഇനിയൊരു പതിറ്റാണ്ടു് തുടര്‍ന്നാല്‍ ശ്വാസവായുവും അത്തരത്തിലുള്ള ചരക്കായി നമുക്കു് കാണാം. ജല മലിനീകരണം കുടിവെള്ള വ്യവസായത്തിനു് ആക്കം കൂട്ടിയതു് പോലെ, വര്‍ദ്ധിച്ചു് വരുന്ന വായു മലിനീകരണം ശുദ്ധവായുവിന്റെ ആവശ്യകത ഉയര്‍ത്തുന്നുണ്ടു്. കച്ചവടം ലക്ഷ്യം വെച്ചു് ജല സ്രോതസുകളുടേയും വായുവിന്റേയും മലിനീകരണം വര്‍ദ്ധിപ്പിക്കുകയോ കുറഞ്ഞതു് അവയുടെ മലിനീകരണം ബോധപൂര്‍വ്വം തടയാതിരിക്കുകയോ ചെയ്യുന്നതു് ആധുനിക ഭരണകൂടങ്ങളുടെ തന്ത്രമായിട്ടില്ലേ എന്നതു് പരിഗണനാവിഷയമാണിന്നു്. സഹസ്രാബ്ദങ്ങളായി ഏകാധിപതികള്‍ പോലും റോഡ് വക്കില്‍ മരം പിടിപ്പിക്കുകയും കിണര്‍ കുഴിച്ചു് എല്ലാ വര്‍ഷവും വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്തിരുന്ന സ്ഥാനത്തു് ഇന്നു് അതൊന്നും ചെയ്യുന്നതില്‍ ആധുനിക ഭരണ കൂടങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ല. ജല സ്രോതസുകളുടെ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നതു് കല്ലുകെട്ടോ കോണ്‍ക്രീറ്റു് പണിയോ മാത്രമായി മാറിയിരിക്കുന്നു. അങ്ങിനെയും പുതിയ ചരക്കുകള്‍ കണ്ടെത്താന്‍ മുതലാളിത്തഭരണ കൂടം മുതലാളിത്ത വ്യവസ്ഥിതിയെ സഹായിക്കുന്നു.

ധനകാര്യ മേഖലയില്‍ ഈ വിദ്യ പ്രയോഗിച്ചതാണു് പ്രൊ. കെ എന്‍ ഗംഗാധരന്റെ ലേഖനത്തില്‍ വിശദമായി കൈകാര്യം ചെയ്തിരിക്കുന്ന ഒരു ഭാഗം. വിവിധ ധനകാര്യ മേഖലകളുടെ ആവിര്‍ഭാവത്തിനും തുടര്‍ന്നു് ധനകാര്യ ഉപകരണങ്ങളുടേയും (Financial Instruments) സൃഷ്ടിക്കും വഴിയൊരുക്കിയതിനേക്കുറിച്ചു് അതില്‍ വിശദീകരിച്ചിട്ടുണ്ടു്.. ധനകാര്യ ഉപകരണങ്ങളെന്നാല്‍ ധന ഇടപാടുകളുടെ രേഖകളാണു്. ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, ബില്ലുകള്‍, കടപ്പത്രങ്ങള്‍, നിക്ഷേപ രേഖകള്‍, ഓഹരി സര്‍ടിഫിക്കറ്റുകള്‍ തുടങ്ങി മൂല്യമുള്ള (അതു് ആസ്തിയോ ബാധ്യതയോ സൂചിപ്പിക്കുന്നവയാകാം - ഏതിനും ഒരാളുടെ ബാധ്യത മറ്റൊരാളുടെ ആസ്തിയാണു്) ഏതു് ധനകാര്യ രേഖയും ആവര്‍ത്തിച്ചു് വില്പന നടത്തുന്ന രീതി നിലവില്‍ വന്നു. പുതിയ രേഖകളെ ഡെറിവേറ്റീവ്സ് (Derivatives) എന്നു് വിളിച്ചു് വരുന്നു. ഓരോ വില്പനയും കമ്പോള ക്രയവിക്രയമായും ഉല്പന്നങ്ങളുടെ കൈമാറ്റമായും അതിനാല്‍ സമൂഹത്തില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കണക്കില്‍ പെടുത്തുന്ന ഒന്നായും കണക്കാക്കിത്തുടങ്ങി.

ഇത്തരത്തില്‍ അടുത്ത കാലത്തായി ഭൌതികോല്പന്നങ്ങളേയും ധനകാര്യ രേഖകളേയും മാത്രമല്ല, അറിവിന്റെ വിവിധ രൂപങ്ങളേയും ചരക്കാക്കി മാറ്റിത്തുടങ്ങി. അങ്ങിനെയും കമ്പളം വികസിപ്പിച്ചു. വിവര സാങ്കേതിക വിദ്യയെന്ന പേരില്‍ എല്ലാ മേഖലയിലും വിവരം കൈകാര്യ ചെയ്തിരുന്ന സ്ഥിതിക്കു് മാറ്റം വരുത്തി വിവര സാങ്കേതിക സേവനത്തെ ഒരു പ്രത്യേക വ്യവസായമായി പുന സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി അറിവു് മാത്രമായിരുന്ന സോഫ്റ്റ്‌വെയര്‍ തനിയെ ഒരു വ്യവസായ മേഖലയായി. അവിടെ ആര്‍ക്കെങ്കിലും വേണ്ടി അതിന്റെ ചെലവു് വാങ്ങി വികസിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ മറ്റാവശ്യക്കാര്‍ക്കായി അവര്‍ത്തിച്ചു് പകര്‍ത്തി വില്ക്കുന്ന രീതി വര്‍ദ്ധിച്ച ലാഭത്തിനു് സാധ്യതയൊരുക്കി. മാത്രമല്ല, അത്തരം സേവനങ്ങളെ ചരക്കാക്കി മാറ്റിയപ്പോള്‍ ഭാവിയില്‍ വില്കാനുള്ള ചരക്കെന്ന നിലയില്‍ അതിനു് മൂല്യമിട്ടു് അദൃശ്യാസ്തികളാക്കി (Intangible Assets) മൂലധനക്കണക്കില്‍ പെടുത്തി. ഇതു് വ്യാപാര മാന്ദ്യം മൂലം ലാഭത്തിലുള്ള ഇടിവിനു് പകരം ലാഭ വര്‍ദ്ധന കാട്ടാനുള്ള മാര്‍ഗ്ഗമാക്കി.

ഉപഭോഗ ചരക്കുകളേപ്പോലെ തന്നെ ധനകാര്യ രേഖകളുടേയും വിജ്ഞാനോപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും മൊത്തം ഉല്പാദന വര്‍ദ്ധനവിന്റെ കണക്കില്‍ ഇവയെല്ലാം പെടുത്തി ഉല്പാദന വര്‍ദ്ധനവും കമ്പോള വികാസവും ലാഭ വര്‍ദ്ധനയും കണക്കില്‍ കാണിച്ചു് മുതലാളിത്ത വളര്‍ച്ച പെരുപ്പിച്ചു് കാണിച്ചു് പോന്നു. അതാണു് കഴിഞ്ഞ അര നൂറ്റാണ്ടു് കാലത്തു്, തൊഴില്‍ നഷ്ടവും കൂലിക്കുറവും വിലക്കയറ്റവും അടക്കം പ്രതിസന്ധിയുടെ കയ്പേറിയ ഫലങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളും നേരിട്ടു് അനുഭവിക്കുമ്പോഴും, ഇടത്തരക്കാരായ ഒരു വിഭാഗത്തെ സൃഷ്ടിച്ചു് അവര്‍ക്കു് മെച്ചപ്പെട്ട അവസരമൊരുക്കി, പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടു്, കണക്കില്‍ ഉല്പാദന വര്‍ദ്ധനവും ലാഭവും ഓഹരി കമ്പോള വികാസവും കാണിച്ചു്, മുതലാളിത്ത പ്രതിസന്ധി ആര്‍ക്കും മനസിലാകാത്ത വിധം മറച്ചു് പിടിക്കാന്‍ മുതലാളിത്തത്തെ പ്രാപ്തമാക്കിയതു്.

എന്നാല്‍ ഇതൊരു കാപട്യവും തല്കാലത്തേയ്ക്കു് ഇരുട്ടു് കൊണ്ടു് ഓട്ടയടയ്ക്കുന്നതു് പോലുള്ള പ്രക്രിയയും മാത്രമാണെന്നു് ആഴത്തിലുള്ള വിശകലനം ബോധ്യപ്പെടുത്തും. സാധാരണക്കാരുടെ ഉപഭോഗോല്പന്നങ്ങളും ധനകാര്യ ഉപകരണങ്ങളും വിജ്ഞാനോപകരണങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടു്. ഉപഭോഗോല്പന്നങ്ങളുടെ കാര്യത്തില്‍ മൂല്യ വര്‍ദ്ധന ഉണ്ടാകുന്നതു് മനുഷ്യാദ്ധ്വാനം ചെലുത്തിയാണു്. സ്വാഭാവികമായും അവിടെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിനായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ജനങ്ങളിലേക്കു് സമ്പത്തിന്റെ ചെറിയൊരോഹരിയെങ്കിലും കിനിഞ്ഞിറങ്ങുന്നതിനു് കാരണമാകുന്നുണ്ടു്. മിച്ചമൂല്യവും സൃഷ്ടിക്കപ്പെടുന്നുമുണ്ടു്. അതിനാല്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നുണ്ടു്. ധന കാര്യ ഉപകരണങ്ങളുടെ കാര്യത്തില്‍ യാതൊരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല. അവയുടെ തുടര്‍ വില്പനയ്ക്കാവശ്യമായ ഓഫീസ് സംവിധാനം നിലനിര്‍ത്താനുള്ള തൊഴില്‍ മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളു. അതിനാല്‍ കാര്യമായി തൊഴിലവസരമോ കൂലിയോ മുച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ സൃഷ്ടിക്കപ്പെടുന്നില്ല ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തോടെ വിപണന സംവിധാനത്തിനുള്ള തൊഴിലും ഗണ്യമായി കുറഞ്ഞു.

വിജ്ഞാനോപകരണങ്ങളുടെ കാര്യത്തിലാകട്ടെ, ആദ്യമായി വികസിപ്പിക്കുമ്പോള്‍ വളരെയേറെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. കുറേയേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ഉയര്‍ന്ന കൂലി ലഭ്യമാക്കുന്നതുമാണു്. മിച്ചമൂല്യവും ഉയര്‍ന്നതാണു്. പക്ഷെ, ഒരിക്കല്‍ നിലവില്‍ വന്നവയുടെ ആവര്‍ത്തിച്ചുള്ള വില്പന യാതരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടാതെയാണു് നടക്കുന്നതു്. അതിനാല്‍ അവിടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല. കൂലി കിട്ടുന്നില്ല. മിച്ച മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല.

ഇത്തരത്തില്‍ യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കു് സമാന്തരമായി യഥാര്‍ത്ഥ സമ്പദ്ഘടന പോലെ തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന സമാന്തര സമ്പദ്ഘടനയുടെ (virtual economy) വളര്‍ച്ചയുടെ ചിത്രമാണു് മൊത്തം ദേശീയോല്പാദനത്തില്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളില്‍ വര്‍ദ്ധനവു് ഉണ്ടാക്കിയതായി അവകാശപ്പെടാന്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ വക്താക്കളെ സഹായിച്ചതു്. യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് സമ്പത്തു് സമാന്തര സമ്പദ്ഘടനയിലേക്കു് ഒഴുകി. യഥാര്‍ത്ഥ സമ്പദ്ഘടന കൂടുതല്‍ തകരാറിലായി. ശോഷിച്ചു. പക്ഷെ മൊത്തം ഉല്പാദനം കൂടിയതായി കണക്കില്‍ കാണും. കച്ചവടം നടന്നതായി കണക്കില്‍ കാണും. ലാഭവും കണക്കില്‍ കാണും. തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. കൂലിയില്ല. മിച്ചമൂല്യമില്ല. യഥാര്‍ത്ഥ ലാഭവുമില്ല. അതു് കൊണ്ടു് തന്നെ തൊഴിലാളിക്കു് ജീവിതമില്ല. തൊഴില്‍ രഹിത വളര്‍ച്ചയെന്നു് കഴിഞ്ഞകാലത്തു് വ്യവഹരിക്കപ്പെട്ടതു് ഈ പ്രതിഭാസമാണു്.

ഇത്തരം സമാന്തര സമ്പദ്ഘടനയുടെ (Virtual Economy) മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുതലാളിക്കു് മിച്ചമൂല്യവും മൂലധനത്തിനു് യഥാര്‍ത്ഥ ലാഭവും കിട്ടുന്നില്ല എന്നു് പറയുന്നതിനു് ആ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മുതലാളിക്കു് നേട്ടമുണ്ടാകുന്നില്ല എന്നര്‍ത്ഥമില്ല. ആ മുതലാളിക്കു് നേട്ടമുണ്ടു്. വളരെയേറെ, ന്യായമായതിലും വളരെയേറെ, പണം അങ്ങോട്ടൊഴുകുന്നുണ്ടു്. അതു്, സാമാന്യ അര്‍ത്ഥത്തില്‍, വ്യക്തികളായ മുതലാളിയേയും സ്ഥാപനത്തേയും സംബന്ധിച്ചിടത്തോളം ലാഭവുമാണു്. അതു്, പക്ഷെ, മറ്റാരുടേയെങ്കിലും, സ്വാഭാവികമായും മറ്റേതെങ്കിലും മുതലാളിയുടെ നഷ്ടമാണു്. ധനകാര്യ ഉപകരണങ്ങളുടേയും വിജ്ഞാനോപകരണങ്ങളുടേയും കാര്യത്തില്‍ ആ നഷ്ടം കൂടുതലും യഥാര്‍ത്ഥ അടിസ്ഥാന സമ്പദ്‌ഘടനയ്ക്കാണു്. കാരണം, അവിടെ നിന്നാണു് ആ മേഖലകളുടെ ലാഭം വലിച്ചെടുക്കപ്പെടുന്നതു്. അടിസ്ഥാന മേഖലയില്‍ ലാഭം ഇടിയുന്ന പ്രവണത കൂടുകയാണു്. അതായതു്, മൊത്തത്തില്‍ മുതലാളിത്ത വ്യവസ്ഥിതി ഇത്തരത്തില്‍ പുതിയ സമ്പത്തോ മുച്ചമൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മുതലാളിത്ത കുതിപ്പിന്റെ ചില തുരുത്തുകള്‍ മാത്രമേ അതു് സൃഷ്ടിക്കുന്നുള്ളു. അതു്, അത്രയേറെ വറുതിയുടേയും പിന്നോക്കാവസ്ഥയുടേയും മറ്റു് ചില തുരുത്തുകള്‍ സൃഷ്ടിച്ചു് കൊണ്ടുമാണു്. വികസിത നാടുകളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചില മേഖലകളും ഇവയ്ക്കുദാഹരണങ്ങളാണു്. ഒരോ രാജ്യത്തും, വികസിത മൂതലാളിത്ത നാടുകളിലടക്കം പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരത്തിലും ഈ പ്രവണത കാണാം.

ഇതിന്റെ ഫലം രണ്ടാണു്.

ഒന്നു്, യഥാര്‍ത്ഥ സമ്പദ്ഘടന വലിയ തോതില്‍ ശോഷിക്കുകയും അതു് സമൂഹത്തെ ഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേയ്ക്കു് നയിക്കുകയും ചെയ്യും.

രണ്ടു്, അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ (Virtual Economy or Bubble Economy) യഥാര്‍ത്ഥ ഉല്പന്നങ്ങളോ സേവനങ്ങളോ മൂല്യമോ ലാഭമോ ഇല്ലാത്തതിനാല്‍ അതിന്റെ നിലനില്പു് ഏതു് സമയത്തും ചീട്ടു് കൊട്ടാരം പോലെ തകര്‍ന്നടിയാം. അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ കണ്ടതു് പോലെ.

ഭൌതിക ചരക്കുകളില്‍ നടക്കുന്ന ഊഹക്കച്ചവടവും ഇതേ സ്വഭാവത്തോടെയുള്ളതാണു്. അവധിക്കു് വില പറഞ്ഞു് അയഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കുകയാണവിടെയും നടക്കുന്നതു്. അതിലൂടെ കുമിള സൃഷ്ടിച്ചു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വിഭവം വലിച്ചെടുത്തു് യഥാര്‍ത്ഥ സമ്പദ്‌ഘടനയെ ക്ഷീണിപ്പിക്കുകയും ആണു് ഫലം.

പൊതു മേഖലാ സ്വകാര്യവല്‍ക്കരണത്തിനു് പിന്നിലും സ്വകാര്യ മൂലധനത്തിനു് ലാഭകരമായ നിക്ഷേപ മേഖലകള്‍ വികസിപ്പിക്കുക എന്നതായിരുന്നു. നവ സ്വതന്ത്ര രാജ്യങ്ങളിലെല്ലാം സ്വകാര്യ മൂലധനത്തിന്റെ കുറവു് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുതല്‍ മുടക്കു് നടത്തി വികസിപ്പിച്ചെടുത്തതാണു് പൊതു മേഖല. അവയെല്ലാം സ്വകാര്യ മൂലധനത്തിനു് കൈമാറുകയോ അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നുവെങ്കില്‍ ആ മേഖലയിലേയ്ക്കു് സ്വകാര്യ മൂലധനത്തിനു് പ്രവേശനം അനുവദിക്കുകയോ ആണു് മുതലാളിത്ത ഭരണ കൂടങ്ങള്‍ ചെയ്തതു്. ഇതും നാളതു് വരെയുണ്ടായിരുന്നതിലേറെ ഉല്പാദനമോ മിച്ച മൂല്യമോ ലാഭമോ കമ്പോളവികാസമോ സൃഷ്ടിച്ചിട്ടില്ല. തൊഴിലവസരമാകട്ടെ വര്‍ദ്ധിച്ചുമില്ല. സ്ഥിരം തൊഴിലിനു് പകരം താല്കാലിക തൊഴിലും ദിവസക്കൂലിയും മണിക്കൂര്‍ കൂലിയുമാണു് സൃഷ്ടിക്കപ്പെട്ടതു്. പൊതു മേഖലയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ധൂര്‍ത്തും ദുര്‍വ്യയവും ദേശീയ സമ്പത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്തു. ആകെയുണ്ടാകുന്നതു് സമാന്തര കമ്പോള സൃഷ്ടിയിലൂടെയുള്ള മൂലധന പെരുപ്പം മാത്രമാണു്.

ചുരുക്കത്തില്‍ യഥാര്‍ത്ഥ കമ്പോളത്തിലെ ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലുള്ള മാന്ദ്യം നേരിടാന്‍ സമാന്തര കമ്പോളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ സഹായിക്കുന്നില്ല. കാരണം, പുതിയ സമ്പത്തോ മൂല്യ വര്‍ദ്ധനവോ മിച്ചമൂല്യമോ അത്തരം പ്രവര്‍ത്തനങ്ങലിലൂടെ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ വ്യക്തികളായ മൂലധന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലാഭം കണക്കില്‍ കാണിക്കാന്‍ ഉപകരിക്കുന്നുണ്ടു്. അതു് കള്ളക്കച്ചവടം മാത്രമാണു്. ഒരു മുതലാളിയുടെ ലാഭം മറ്റൊരു മുതലാളിയുടെ നഷ്ടമായിരിക്കും. മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കും പരിഹാരമാകുന്നില്ല. പ്രതിസന്ധി മറച്ചു് വെച്ചു് കൃത്രിമമായി സജീവത കാണിക്കുക മാത്രമാണു് ഇത്തരം പ്രതീകാത്മക കമ്പോളത്തിലൂടെ നടക്കുന്നതു്. പക്ഷെ, ഓഹരി കമ്പോളത്തില്‍ ലാഭം കാണിച്ചു് കമ്പോളത്തകര്‍ച്ച ഒഴിവാക്കാന്‍ കഴിഞ്ഞു. അതു് പക്ഷെ, ഓഹരി ഉടമകളെ, പ്രതിസന്ധി അവരെ അറിയാതെ, ഇരുട്ടില്‍ നിര്‍ത്തി വഞ്ചിക്കുന്ന നടപടിയാണു്. ഏതു് സമയത്തും ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയുണ്ടാകാം. അതു് ഒട്ടേറെ ഓഹരി ഉടമകളെ പാപ്പരാക്കാം.

അമേരിക്കയില്‍ ധന മേഖലയില്‍ ഈ കപട കമ്പോളപ്പെരുപ്പം അവസാനം തകര്‍ച്ച നേരിട്ടതും ബാങ്കുകളെ രക്ഷിക്കാനായി ലക്ഷക്കണക്കിനു് കോടി ഡോളറിന്റെ ജാമ്യ പദ്ധതികള്‍ ആവിഷ്കരിച്ചു് പൊതുപ്പണം തട്ടിപ്പുകാരായ മൂലധന ഉടമകള്‍ക്കു് കൊടുത്തതും അതിന്റെ വിഭവ സമാഹരണത്തിനായി ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതും നാം കണ്ടു. അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധി ധന മൂലധനത്തെ പിടിച്ചുലച്ചു. സമാന്തര സമ്പദ്ഘടനയുടെ വിശ്വാസ്യത തകരുന്നതിനതു് ഇടയാക്കി. യഥാര്‍ത്ഥ ലാഭമില്ലാതെ കള്ളക്കണക്കെഴുതി ലാഭം കാണിച്ചു് ഓഹരി ഉടമകളെ കുറേക്കാലത്തേയ്ക്കു് കബളിപ്പിക്കാമെങ്കിലും അധികകാലം അതു് നടപ്പില്ലെന്നു് മുതലാളിമാര്‍ക്കറിയാം. അതിനാല്‍ യഥാര്‍ത്ഥ ആസ്തി ആര്‍ജ്ജിച്ചു് ഓഹരി ഉടമകളുടെ വിശ്വാസം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുതലാളിമാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഹൈദരാബാദില്‍ സത്യത്തിന്റെ ഭൂമിക്കച്ചവടം അത്തരത്തിലൊന്നായിരുന്നു. ഇന്നു് മിക്ക മൂലധന കുത്തകകളും പ്രകൃതി വിഭവങ്ങളോ ഭൂമിയോ ഖനികളോ ഊര്‍ജ്ജ സ്രോതസുകളോ കയ്യടക്കാനുള്ള ശ്രമത്തിലാണു്. അതിനു് ഒത്താശ ചെയ്തു് കൊടുക്കുകയല്ലാതെ ഭരണാധികാരികള്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഒന്നുകില്‍ വ്യവസ്ഥിതിയുടെ തകര്‍ച്ച നേരിടുക. അല്ലെങ്കില്‍ നാളിതു് വരെ കാണിച്ച കണ്‍കെട്ടു് വിദ്യകളും വഞ്ചനകളും പൂര്‍വ്വാധികം ശക്തിയോടെ തുടരുക. അതു് പൊതു മുതലിന്റെ കൊള്ളയായി ഇന്നു് മാറിയിരിക്കുന്നു. പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സു് പറഞ്ഞതു് പുതിയ രൂപത്തിലിന്നു് നടക്കുന്നു. ഭരണാധികാരികള്‍ അതിനു് കൂട്ടു് നില്ക്കുന്നു.

അദൃശ്യാസ്തികള്‍ കാട്ടി ബാലന്‍സ് ഷീറ്റു് ലാഭം കാട്ടിയപ്പോഴും ധനകാര്യ ഉപകരണങ്ങളുടെ അവര്‍ത്തിച്ചുള്ള കച്ചവടത്തിലൂടെയും അവധിക്കച്ചവടത്തിലൂടെയും മറ്റും ഉല്പാദന വര്‍ദ്ധനവു് കാണിച്ചപ്പോഴും ചുരുക്കത്തില്‍ സമാന്തര സമ്പദ്ഘടനയുടെ പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ സാമൂഹ്യ ജീവിതത്തിനാവശ്യമില്ലാത്ത വ്യാപാരത്തിനു് വേണ്ടി നടത്തിയ കപട വ്യാപാരത്തിലൂടെയും പൊതു ആസ്തികളും സാമൂഹ്യാസ്തികളും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചു് സ്വകാര്യാസ്തികളായി മാറ്റിയപ്പോഴും മൂലധനം പെരുപ്പിക്കുക കൂടിയാണുണ്ടായതു്. ഇതു് മറ്റൊരു പ്രതിസന്ധിക്കു് ആക്കം കൂട്ടുകയാണു് ചെയ്തതു്.

ധന മൂലധന രൂപീകരണത്തോടെ രൂപപ്പെട്ട പുതിയ പ്രതിസന്ധിയുടെ വിത്തിവിടെ ഭീമാകാരം കൈക്കൊള്ളുകയാണു്. വ്യവസായ മൂലധനത്തിനു് മാത്രമല്ല, മുഴുവന്‍ മൂലധനത്തിനും ലാഭം കണ്ടെത്തണമെന്നതു്, കപട ലാഭത്തിലൂടെ പെരുപ്പിക്കപ്പെട്ട മൂലധനത്തിനും കൊള്ളമുതലിലൂടെ സമാഹരിക്കപ്പെട്ട മൂലധനത്തിനും ബാധകമാണു്. വ്യാപാര മാന്ദ്യത്തോടെ യഥാര്‍ത്ത ലാഭം ഇടിയുന്നു. തൊഴില്‍ കുറയുന്നു. മിച്ച മൂല്യം കുറയുന്നു. യഥാര്‍ത്ഥ ലാഭം കുറയുന്നു. ഇതു് ഓഹരി കമ്പോളത്തില്‍ പ്രകടമാകാതെ കൃത്രിമമായി ലാഭം കാട്ടി രക്ഷപ്പെടുമ്പോഴെല്ലാം കണക്കില്‍ മൂലധനം പെരുകുകയാണു്. പെരുകുന്ന മൂലധനം ചിലരുടെ ലാഭവും മറ്റെവിടെയെങ്കിലും മറ്റാരുടേയെങ്കിലും നഷ്ടവുമാണു്. പക്ഷെ, ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്താന്‍ അതുപകരിക്കുന്നു. കൂടുതല്‍ കൊള്ള നടത്തി ലാഭം കാട്ടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഈയൊരു വിഷമ വൃത്തത്തിലാണു് ധന മൂലധന വ്യവസ്ഥ എത്തിപ്പെട്ടിട്ടുള്ളതു്.

ഇല്ലാത്ത ലാഭം ഉണ്ടെന്നു് കാട്ടിയുള്ള കള്ളക്കണക്കിന്റെ ബലത്തില്‍ മേന്മ അവകാശപ്പെട്ടു് യഥാര്‍ത്ഥ ഉല്പാദകരെ വഞ്ചിച്ചു് അവരുടെ സമ്പത്തു് ചോര്‍ത്തിയെടുത്തു് പതപ്പിച്ചു് പെരുമ നിലനിര്‍ത്തിയാണു് മുതലാളിത്തം അതിന്റെ തകര്‍ച്ച അകറ്റിയകറ്റി ഇതു് വരെ എത്തിയതു്. ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തിയിരുന്നില്ലെങ്കില്‍ മുതലാളിത്തത്തിന്റെ അന്ത്യം പതിറ്റാണ്ടുകള്‍ക്കു് മുമ്പേ നടക്കേണ്ടതായിരുന്നു.

ചുരുക്കത്തില്‍, മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പു് ഉറപ്പു് വരുത്താന്‍ ബാദ്ധ്യതപ്പെട്ട മുതലാളിത്ത ഭരണാധികാരികള്‍ക്കു് പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു നില്‍ക്കുകയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയുമല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. മുതലാളിത്ത പ്രതിസന്ധിക്കു് മറുവഴികളൊന്നും അവര്‍ക്കു് മുമ്പിലില്ല. പ്രതിസന്ധി മറച്ചു് പിടിക്കാനായി കാട്ടിക്കൂട്ടിയ കാപട്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം ഒരിക്കലും പരിഹരിക്കാനാവാത്തത്ര ആഴത്തിലുള്ളതാക്കിയിരിക്കുന്നു. സമഗ്രാധിപത്യത്തിലൂടെ ജനങ്ങളേയും തൊഴിലാളികളേയും പട്ടിണിക്കിട്ടു് മൂലധന താല്പര്യം സംരക്ഷിക്കാനാവാത്ത വിധം ജനാധിപത്യാഭിനിവേശം ജനങ്ങളില്‍ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്ത ഭരണാധികാരികള്‍ അന്തം വിട്ടു് നില്കുന്ന കാഴ്ചയാണിന്നു് ലോകമാകെ കാണുന്നതു്.

സാമൂഹ്യ സമ്പത്തിന്റേയും പൊതു മേഖലാ ആസ്തികളുടേയും കൊള്ളയിലൂടെമാത്രം, അവയുടെ പുനര്‍ വിതരണത്തിലൂടെ മാത്രം മുതലാളിത്തത്തിന്റെ നിലനില്പിനു് യാതൊരു ന്യായീകരണവുമില്ല. പുതിയസമ്പത്തോ മിച്ചമൂല്യമോ തൊഴിലോ സൃഷ്ടിക്കാന്‍ കഴിയാത്ത മുതലാളിത്തം അതിന്റെ നിലനില്പിന്റെ അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുന്നു. കാരണം, സോഷ്ലിസത്തിനെതിരെ മുതലാളിത്തത്തിനു് ഉണ്ടെന്നു് മുതലാളിത്ത വക്താക്കള്‍ പുരപ്പുറത്തു് കയറി നിന്നു് കൂവിയുരുന്ന മേന്മ, ആ വ്യവസ്ഥിതിയുടെ സംരംഭകത്വവും അതു് സൃഷ്ടിക്കുന്ന പുതിയ സമ്പത്തും മൂല്യ വര്‍ദ്ധനവും മിച്ചമൂല്യവും തൊഴിലുമായിരുന്നു. സോഷ്യലിസത്തെ സമത്വാധിഷ്ഠിത വിതരണത്തിന്റെ വ്യവസ്ഥയായും മുതലാളിത്തത്തെ സമ്പത്തുല്പാദനത്തിന്റെ വ്യവസ്ഥയായുമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ വക്താക്കളുടെ വേദികളില്‍ വ്യവഹരിക്കപ്പെട്ടു് പോന്നതു്. മുതലാളിത്തം അതിനുണ്ടെന്നു് അവകാശപ്പെട്ടിരുന്ന എല്ലാ ഗുണങ്ങളും അതിനു് നഷ്ടപ്പെട്ടിരിക്കുന്നു.

ഇന്നത്തെ പ്രതിസന്ധിക്കു് പരിഹാരം വ്യവസ്ഥാ മാറ്റം മാത്രമേയുള്ളുവെന്നു് മേല്പറഞ്ഞ പ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ ഘടകങ്ങളും ആഴവും ചൂണ്ടിക്കാട്ടുന്നു. സമ്പത്തുല്പാദനം സാമൂഹ്യമായിക്കഴിഞ്ഞിട്ടു് നാളുകളേറെയായി. അതു് മുതലാളിത്തത്തിന്റെ സംഭാവനയാണു്. ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ സ്വായത്തമാക്കല്‍ കൂടി സാമൂഹ്യമാക്കുക തന്നെയാണു് പരിഹാരമാര്‍ഗ്ഗം. അവ തമ്മിലുള്ള വൈരുദ്ധ്യമാണിന്നു് പ്രതിസന്ധിക്കു് കാരണം. ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തണം. ചൂഷണം അവസാനിപ്പിക്കണം. മുതലാളിത്തത്തില്‍ അതു് നടക്കില്ല. കുത്തക ധന മൂലധനം സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക മാത്രമേ ഇന്നു് പരിഹാരമുള്ളു. അതായതു് മുതലാളിത്തം അവസാനിപ്പിച്ചു് സോഷ്യലിസ്റ്റു് ഉല്പാദനക്രമത്തിലേക്കു് മാറുക എന്നതു് മാത്രമേ ധന മൂലധനം നയിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരമുള്ളു. അല്ലാത്ത പക്ഷം, പ്രാകൃത മൂലധന സമാഹരണം തുടരാന്‍ അനുവദിച്ചു് സ്വത്തു് മുഴുവന്‍ മുതലാളിമാര്‍ക്കു് വിട്ടു് കൊടുത്തും ജന ക്ഷേമ പദ്ധതികളെല്ലാം ഉപേക്ഷിച്ചു് ജനങ്ങളാകെ പട്ടിണികിടന്നു് പണിയെടുത്തും മുതലാളിത്തം നിലനിര്‍ത്തണം. ലാഭം ഉണ്ടാക്കാന്‍ പോലും കഴിയാത്ത മുതലാളിയെ തീറ്റിപ്പോറ്റേണ്ട ഗതികേടു് തൊഴിലാളി ഏതായാലും സ്വന്തം തലയിലെടുത്തു് വെയ്ക്കേണ്ടതില്ല. അതിലൊരു ന്യായവുമില്ല, യുക്തിയുമില്ല.

ഭാവി സമൂഹത്തിന്റെ ഘടനയും നടത്തിപ്പും വികാസവും ഭാവിയും എന്തായിരിക്കുമെന്നതിന്റെ ഒരു ചെറിയ രൂപരേഖ ഇവിടെ ആവശ്യമാണു്.

സംരംഭകരാണു് വ്യവസായ നടത്തിപ്പുകാര്‍ എന്നാണു് മുതലാളിത്ത സങ്കല്പം. സംരംഭകത്വം എന്നതു് മുതലാളിത്തത്തിനു് മാത്രം കൈവശമായ ഒരു ഗുണമാണെന്നാണു് അവകാശ വാദം. യഥാര്‍ത്ഥത്തില്‍ വ്യവസായ സംരംഭകത്വം ലാഭത്തെ അധിഷ്ഠിതമാക്കിയതായിരുന്നു എന്നതു് ശരിയാണു്. അതിനു് മുമ്പും സംരംഭകത്വം നിലനിന്നിരുന്നു. എല്ലാ വ്യവസ്ഥതിയിലും അതുണ്ടായിരുന്നു. വ്യവസായത്തിലൂടെ ലാഭം കുന്നുകൂട്ടാനോ സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാനോ തയ്യാറാകാതിരുന്ന എത്രയോ സാമൂഹ്യ സംരംഭകരെ ചരിത്രം സമൂഹത്തിനു് നല്‍കിയിട്ടുണ്ടു്. മാര്‍ക്സും ഏംഗത്സും ഗാന്ധിജിയും എകെജിയും ഇഎംഎസും അടക്കം സാമൂഹ്യ സംരംഭകരുടെ ഒരു വലിയ നിര നമുക്കറിയാം. സംരംഭകത്വം മുതലാളിത്താനന്തര സമൂഹത്തിലും ഉണ്ടാകുകയും ആദരിക്കപ്പെടുകയും തന്നെ ചെയ്യും.

വ്യവസായത്തിന്റെ തുടക്കത്തിലും തുടര്‍ന്നു് ഓരോ ഘട്ടത്തിലും കൂടുതല്‍ വികാസത്തിനും വളര്‍ച്ചയ്ക്കുമായി പുതിയ പരീക്ഷണത്തിനു് പ്രേരിപ്പിക്കുന്ന സവിശേഷ ഗുണമാണു്, സംരംഭകത്വം. വ്യവസായ നിക്ഷേപ മൂലധന ഘട്ടത്തില്‍ സ്വാഭാവികമായും സ്വന്തം മൂലധനമാണു് കൂടുതലായി നിക്ഷേപിക്കപ്പെട്ടിരുന്നതു് എന്നതു് കൊണ്ടു് സംരംഭകത്വം പ്രദര്‍ശിപ്പിക്കേണ്ട ആവശ്യകത വ്യവസായ മൂലധന ഉടമ കൂടിയായ വ്യവസായിക്കുണ്ടായിരുന്നു. അതു് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടു്. അതിലൂടെയാണു് മുതലാളിത്തം വളര്‍ന്നു് വികസിച്ചതു്. എന്നാല്‍, മുതലാളിത്ത വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം എന്നു് ലെനിന്‍ വിശേഷിപ്പിച്ച ധന മൂലധന രൂപീകരണത്തിന്റേതായ സാമ്രാജ്യത്വ ഘട്ടത്തില്‍ നിക്ഷേപകനും സംരംഭകനും തമ്മില്‍ ഉണ്ടായ വേര്‍തിരിവു് യഥാര്‍ത്ഥ സംരംഭകത്വവും സംരംഭകരും അപ്രത്യക്ഷമാകുന്നതിനു് വഴി വെച്ചു. ഓഹരി കമ്പോളത്തില്‍ നിന്നു് മൂലധനം സമാഹരിക്കാനായി വ്യവസായത്തിന്റെ തുടക്കത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടുന്ന വികലമോ കപടമോ ആയ ഒന്നായി വന്‍കിട കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സംരംഭകത്വം മാറി. മുതലാളിത്തത്തില്‍ എവിടെയെങ്കിലും സാമൂഹ്യ ബോധവും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ക്കിടയില്‍ മാത്രമാണെന്നു് മാര്‍ക്സിം ഗോര്‍ക്കി പറഞ്ഞതു് പോലെ ഇന്നു്, എവിടെയെങ്കിലും സംരംഭകത്വം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് ചെറുകിട വ്യവസായങ്ങളില്‍ മാത്രമാണു്. അവരെ മുതലാളിത്താനന്തര സമൂഹവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. മറിച്ചു്, കുത്തക മുതലാളിത്തത്തിന്റെ, ധന മൂലധനത്തിന്റെ, സാമ്രാജ്യത്വത്തിന്റെ ആവിര്‍ഭാവത്തോടെ, യഥാര്‍ത്ഥ സംരംഭകരല്ലാത്ത ഓഹരി മൂലധന ഉടമകളുടെ മേധാവിത്വം ഒഴിവാക്കപ്പെടാവുന്ന ഒരധികപ്പറ്റായി മാറിയിരിക്കുന്നു എന്നാണു് ലെനിന്‍ തന്റെ ''സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം'' എന്ന കൃതിയില്‍ സ്ഥാപിച്ചിരിക്കുന്നതു്. ഇന്നാകട്ടെ, പുതിയ സമ്പത്തോ മിച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ തൊഴിലോ സൃഷ്ടിക്കാനാവാതെ, സമൂഹത്തിന്റെ ക്ഷേമമോ സുസ്ഥിതിയോ പുരോഗതിയോ കൈവരിക്കാനാവാതെ, സമൂഹത്തെ പൊതുവേയും മറ്റു് മുതലാളിമാരെത്തന്നെയും പാപ്പരാക്കിക്കൊണ്ടു് അവയുടെ സമ്പത്തു് കൊള്ളയടിക്കുന്നതിലൂടെ മാത്രം മൂലധനം പെരുപ്പിക്കുന്ന ധന മൂലധനാധിപത്യം സമൂഹത്തിന്റെ നിലനില്പിനോ പുരോഗതിയ്ക്കോ യാതൊരു തടസ്സവുമുണ്ടാക്കാതെ ഒഴിവാക്കാനും അവസാനിപ്പിക്കാനുമാവും.

സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത വക്താക്കള്‍ ഉത്തരം മുട്ടി ഒളിച്ചോടുന്നു. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത (ഉടമസ്ഥാവകാശമല്ല, അതു് മുതലാളിത്തമാണു്) ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. മറിച്ചു്, മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. മുതലാളിത്തത്തിന്റെ അന്ത്യം അടിയന്തിരമായിരിക്കുന്നു.

സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. മറിച്ചു് ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനു് വിട്ടു്, ഉപയോഗത്തിനുള്ള ഉടമസ്ഥത വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമായുള്ള പുതിയ സ്വത്തുടസ്ഥതാ സമ്പദായം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടാനും ഓരോരുത്തരും സംരംഭകരായി മാറാനും ഇടവരുത്തുകയാണുണ്ടാവുക. അതു് നിലവില്‍ സമ്പത്തിന്റെ ഏതു് രൂപവും ഉപയോഗിച്ചു് ജീവിതം നയിക്കുന്നവര്‍ക്കു്, കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ അവരുടെ സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. മറിച്ചു്, ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, ഉടസ്ഥാവകാശം മാത്രം അവസാനിപ്പിക്കുക മാത്രമേയുള്ളു. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് ഈ സാമൂഹ്യമാറ്റത്തിലൂടെ, സോഷ്യലിസ്റ്റു് സാമൂഹ്യ വിപ്ലവത്തിലൂടെ വരുത്തുന്നതു്.

പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഘലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു് നീക്കുക.പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായിട്ടും ഇന്നും അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹത്തിനു് സ്വന്തമായുള്ളതു്. കാരണം, അതാണു് ജനാധിപത്യം ആണയിടുന്നവരെങ്കിലും മുതലാളിത്തത്തിന്റെ ആധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരികള്‍ ഇന്നും നിലനിര്‍ത്തി വരുന്നതു്. അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കുന്ന കാഴ്ച അടുത്ത കാലത്തു് നടക്കുന്ന സമരങ്ങളില്‍ നാം ദര്‍ശിക്കുകയാണു്. ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായും ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലും തുടരുകയും ചെയ്യും. ബാക്കി കാര്യങ്ങള്‍ ജനങ്ങള്‍ മേല്പറഞ്ഞ തിരശ്ചീന ജനാധിപത്യ കൂട്ടായ്മയിലൂടെ രൂപപ്പെടുത്തിക്കൊള്ളും.

4 comments:

ദാസു് said...

സി പി എം എന്ന പാര്‍ടി അടക്കം പലരും പറയുന്നു മുതലാളിത്ത വ്യവസ്ഥിതി പ്രതിസന്ധിയിലാണ് എന്ന്. അതിനു വിവിധ തരത്തിലുള്ള വിശകലനങ്ങളും ഉണ്ട്. തോമസ്‌ സാറിന്റെ ഈ വിശകലനവും വളരെ നന്നായിട്ടുണ്ട്, പ്രയോജനപ്പെടുകയും ചെയ്യും. എല്ലാവരും പറയുന്നു ബദല്‍ സോഷ്യലിസം ആണെന്ന്. അതെന്താണെന്ന് മനസ്സിലായിട്ടില്ല !

ഞാന്‍ നിലവിലുള്ള വ്യവസ്ഥിതിയില്‍ ജീവിക്കുന്നു. ഈ വ്യവസ്ഥിതി എനിക്ക് തൊഴില്‍ നല്‍കുന്നു, സാമൂഹ്യ സുരക്ഷ നല്‍കുന്നു, ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുന്നു, സ്വാതന്ത്ര്യം നല്‍കുന്നു; അങ്ങിനെ പലതും. നിങ്ങള്‍ പറയുന്നു ഇത് പ്രതിസന്ധിയിലാണെന്ന്. കുറെയൊക്കെ എനിക്കും ബോധ്യപ്പെടുന്നുണ്ട്. നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബദല്‍ ആയ സോഷ്യലിസം എന്ന വ്യവസ്ഥിതിയില്‍ എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും. അവിടെ
കൃഷി എങ്ങനെ ആയിരിക്കും
സാങ്കേതിക വിദ്യയുടെ ഗവേഷണവും വിനിമയവും എങ്ങിനെ ആയിരിക്കും
ധനകാര്യ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ
ചെറുകിട വ്യവസായം, വന്‍കിട വ്യവസായം എങ്ങിനെ
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദന വിതരണ പ്രക്രിയ എങ്ങിനെ
ജനാധിപത്യ സംവിധാനം എങ്ങിനെ

ഇതിനൊന്നും മൂര്‍ത്തമായ പ്രതീകങ്ങള്‍ കണ്മുന്‍പില്‍ കാണാതെ നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രവുമല്ല ഈ മാറ്റത്തില്‍ എന്റെ പങ്ക് എന്ത് ? എനിക്കുള്ള പരിശീലനം എവിടെ നിന്ന് ? തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.
ഞാന്‍ പ്രതീക്ഷിക്കുന്നത് ചരിത്രത്തില്‍ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറിയ പോലെ ഇത്തവണയും മുതലാളിത്തം എന്ന ഈ വ്യവസ്ഥിതി കരകയരും. കരകയറണമേ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. കാരണം ഇത് തകര്‍ന്നാല്‍ ബദല്‍ സംവിധാനം ഒന്നും ഞാന്‍ ഇപ്പോള്‍ കാണുന്നില്ല. ഇനി പഴയ സോവിയറ്റ്‌ മാതൃകയാണ് ബദല്‍ എങ്കില്‍ ഒരു പുനര്‍ചിന്തനം വേണ്ടി വന്നേക്കും.

വിലയിരുത്തലുകള്‍ മാര്‍ക്സ് മുതല്‍ ഇങ്ങോട്ട് വളരെ പേര്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു !

അനിലന്‍ said...

@ ദാസു്,

മുതലാളിത്തം,
എല്ലാവര്‍ക്കും തൊഴില്‍ നല്‍കുന്നില്ല. തൊഴിലുള്ള ഭരിപക്ഷം പേര്‍ക്കും ആവശ്യമായ തോതിലതു് ലഭിക്കുന്നില്ല.
സാമൂഹ്യ സുരക്ഷ എല്ലാവര്‍ക്കും ഉറപ്പാക്കുന്നില്ല. ഉറപ്പാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ഭീമമായ ഏറ്റകുറച്ചിലുണ്ടു്.
ഏറ്റവും ആവശ്യമായ വായു മലിനപ്പെടുത്തുന്നു. പട്ടിണിക്കും. പോഷകാഹാരക്കുറവിനും പരിഹാരമില്ല. വസ്ത്രം ലഭ്യമല്ലാത്തവരേറെ.

സ്വാതന്ത്ര്യം അരും ആര്‍ക്കും നല്‍കുന്നതല്ല. ഒരു സമൂഹത്തില്‍ അതിനു് എത്രത്തോളമാകാമെന്നു് പരിധി നിശ്ചയിക്കണം എന്നതു് പ്രധാനപ്പെട്ടതാണു്. നിലവിലുള്ള പൊതുയിടങ്ങള്‍ സമ്പന്നര്‍ക്കു് സ്വകാര്യവല്‍ക്കരിക്കാന്‍ ഒത്താശചെയ്യുകയാണു് ഇന്നത്തെ വ്യവസ്ഥിതി ചെയ്യുന്നതു്. അതിലൂടെ ബഹുഭൂരിപക്ഷത്തിന്റേയും പൊതുയിടങ്ങളിന്‍ മേലുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണു് ചെയ്യുന്നതു്.

അപ്പോള്‍ പിന്നെ പ്രതിസന്ധിയുണ്ടെന്ന അഭിപ്രായത്തില്‍ യോജിക്കാം.

കൃഷി എങ്ങനെ ആയിരിക്കും
സാങ്കേതിക വിദ്യയുടെ ഗവേഷണവും വിനിമയവും എങ്ങിനെ ആയിരിക്കും
ധനകാര്യ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ
ചെറുകിട വ്യവസായം, വന്‍കിട വ്യവസായം എങ്ങിനെ
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദന വിതരണ പ്രക്രിയ എങ്ങിനെ
ജനാധിപത്യ സംവിധാനം എങ്ങിനെ


ഇക്കാര്യങ്ങളില്‍ എന്റെ ചിന്ത ഇങ്ങനെയാണു്.
ഇക്കാര്യങ്ങളിലൊക്കെ കാലാനുസൃതമായ മാറ്റം കാണും. പ്രധാന പ്രത്യേകത, ഇവയൊക്കെ സാമൂഹ്യ ഉടമസ്ഥതയിലേക്കു് വരുമെന്നതാണു്. ആവശ്യാനുസരണമായിരിക്കും എന്തിന്റേയും ഉല്പാദനം, അല്ലാതെ കമ്പോളത്തിലെ വിറ്റുവരവു് കൂട്ടാനായിരിക്കില്ല.
ഭൂമിയിലെ ജീവന്‍ ഏറ്റവും കൂടിയകാലം വരെ നിലനിര്‍ത്താന്‍ പാകത്തിലുള്ള വിഭവോപയോഗം മാത്രമേ പാടുള്ളു. നിശ്ചിതാളവിലുള്ള പ്രകൃതി വിഭവങ്ങള്‍ അവയുടെ രൂപപ്പെടല്‍ വേഗത്തില്‍ മാത്രമേ വിനിയോഗിക്കുവാന്‍ പാടുള്ളു.
അവസരസമത്വം ഒരു പ്രധാനഘടകമായിര്ക്കും. സ്വന്തം വിഴുപ്പലക്കല്‍ ജോലികളൊക്കെ അവരവര്‍ തന്നെ ചെയ്യും.

മാറ്റം വേണമെന്നു് ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും അതിലു് പങ്കുണ്ടു്. നാമെല്ലാവരും ആ മാറ്റത്തിനു് വേണ്ടി ചെറിയതോതിലെങ്കിലും പങ്കു വഹിക്കുന്നുണ്ടു്. ഇത്തരമൊരു ചര്‍ച്ചതന്നെ ചെറിയ ഒരുദാഹാരണം. മാറ്റങ്ങള്‍ക്ക് വേണ്ടി ശാസ്തീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഭാഗം (വിസ്താരം കുറക്കാന്‍ പുരോഗമന പക്ഷം എന്നു വിളിക്കാം) നിര്‍ണ്ണായകശക്തിയായി വളരണം. അതിനായി നമ്മള്‍ അന്യോന്യം അതിനെ കുറിച്ചു് ബോദ്ധ്യപ്പെടുത്തണം. നിലവില്‍ പുരോഗമനപക്ഷത്തിനകത്തെ പിന്തിരിപ്പന്‍ സ്വാധീനങ്ങളില്‍ നിരാശപ്പംടാതെ, അത്തരം പിന്തിരിപ്പന്‍ സ്വാധീനങ്ങള്‍ ഒഴിവാക്കാന്‍ പ്രയത്നിക്കാം.
ഇതിലൂടെ എല്ലാ പരിഹാരവുമാകും എന്നല്ല. പക്ഷേ സമൂഹ ചടുലത(Social dynamics) യുടെ ഒരു പ്രത്യേകത അതു് പലപ്പോഴും കുത്തനെയുള്ള വ്യതിയാനം കാണിക്കുമെന്നാതാണു്. 1990-ല്‍ വീജയാഹ്ലാദത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന നാറ്റോ ചേരിക്കു് 20 വര്‍ഷത്തിനുള്ളിലേറ്റ തിരിച്ചടി തന്നെ ഉദാഹരണം. 50,000 വര്‍ഷത്തിലേറെ കാലയളവായ മനുഷ്യ ചരിത്രത്തില്‍ 20 വര്‍ഷം എത്ര ചെറിയ കാലയളവാണെന്നു് നോക്കണം.

നിലവിലുള്ള പ്രതിസന്ധികള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും. നല്ലൊരു നാളേക്കായി അവരെ അണിനിരത്താനും സാദ്ധ്യമാക്കുന്ന എവിടേനിന്നും പരിശീലനം സ്വീകരിക്കാവുന്നതാണു്. പരിശീലനങ്ങള്‍ പലപ്പോഴും നമ്മള്‍ വരച്ച നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നവയാകണമെന്നില്ല.

ഏതു സാമൂഹ്യപ്രതിസന്ധിയിലും കൂടുതല്‍ ദുരിതമനുഭവിക്കുക ദുര്‍ബ്ബല വിഭാഗമാണു്. അല്ലാതെ ആ ദുരിതകങ്ങള്‍ക്കു് കാരണമായവരല്ല. അതിനാല്‍ പ്രതിസന്ധിയുണ്ടാകരുതെന്നും, ഉണ്ടായാല്‍ തന്നെ പെട്ടന്നു് അതിജീവിക്കണമെന്നും മിക്കവരും ആഗ്രഹിക്കും. ഇത്തരം പ്രതിസന്ധികളില്ലാത്ത വ്യവസ്ഥിതി വരണമെന്ന ആഗ്രഹമായിരിക്കും ഇതിലും മികച്ചതു്, എന്നാണു് എന്റെ ആഭിപ്രായം.

ലോകത്തില്‍ നിര്‍ണ്ണായകശക്തിയായി പുരോഗമനപക്ഷം വളര്‍ന്നാല്‍ മറ്റൊരു ലോകം സാദ്ധ്യമാവുക തന്നെ ചെയ്യും. അതിലേക്കു് ലോകം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു

ജോസഫ് തോമസു് said...

ദാസിന്റെ ഈ പ്രതികരണം, ഈ ചോദ്യങ്ങള്‍ വ്യക്തത വരുത്തുന്നതിനും സാധാരണ ജനങ്ങളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനുമാണെന്നു് എനിക്കു് തോന്നുന്നു. അതു് വേണ്ടതാണെന്നു് സമ്മതിക്കുന്നു.

തൊഴിലും ജീവിത സാഹചര്യങ്ങളും സ്വാതന്ത്ര്യവും എല്ലാം അപേക്ഷികം കൂടിയാണു്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടു്. മുമ്പു് ബുദ്ധിമുട്ടനുഭവിച്ചവര്‍ക്കു് ഇന്നത്തെ മെച്ചപ്പെട്ടനില നഷ്ടപ്പെടുമോ എന്ന ആശങ്ക പുതിയ മുന്നേറ്റങ്ങള്‍ക്കു് മുന്‍കൈ എടുക്കുന്നതിനു് തടസ്സമാകുന്നുണ്ടു്. പക്ഷെ, മുന്നേറ്റത്തിനു് ശ്രമിക്കുന്നില്ലെങ്കില്‍ പിന്നോട്ടടി ഉണ്ടാകുമെന്നതാണു് ഇക്കാര്യങ്ങളിലുള്ള ആത്മ നിഷ്ടമായ അഭിപ്രായങ്ങളിലുപരി വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം. അതാണു് മാര്‍ക്സിസം ലെനിനിസം നമ്മെ പഠിപ്പിക്കുന്നതു്.

ഞാന്‍ ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുനിഷ്ഠമായ വിവര വിശകലനത്തിന്റെ അടിസ്ഥാനത്തിലും മറ്റു് ചിലവ കണക്കു് കൂട്ടലിലൂടെയും (Mathematical deductions) കണ്ടെത്താവുന്നതാണു്.

ഞാന്‍ എന്റെ വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള ഘടനാപരവും പ്രയോഗപരവുമായ താരതമ്യത്തിനു് ആധാരമാക്കിയതു് മാര്‍ക്സിന്റെ മൂലധനത്തിലെ കൂലി, വില, ലാഭം എന്ന അദ്ധ്യായത്തില്‍ പറയുന്ന വിശകലനമാണു്. അതു് ധന മൂലധന ഘട്ടത്തില്‍ എങ്ങിനെ എന്നതു് ഇന്നും കൂടുതലായി വിശകലനം ചെയ്യപ്പെട്ടതായി കാണുന്നില്ല. അനില്‍ എവിടെയെങ്കിലും അതു് കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതെടുത്തു് നമുക്കു് ഉപയോഗിക്കാവുന്നതാണു്.

കൃഷി ജീവിത മാര്‍ഗ്ഗമായി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കെല്ലാം അവര്‍ക്കു് സ്വന്തമായി പണിയെടുക്കാനാവുന്ന അളവില്‍ ഭൂമി ലഭ്യതയ്ക്കനുസരിച്ചു് നല്‍കപ്പെടും. മാത്രമല്ല, ഇന്‍പുട്ടുകള്‍ കമ്പോളം തുടങ്ങിയവയുടെ കാര്യത്തില്‍ ആവശ്യമായി സഹായം നല്‍കപ്പെടും.

സാങ്കേതിക വിദ്യാ വികാസം ഗവേഷണം പ്രയോഗം തുടങ്ങിയവ ആസൂത്രിതമായി സമൂഹത്തിന്റെ സഹായത്തോടെ നടക്കും.
കണ്ടു് പിടുത്തങ്ങള്‍ നടത്തുന്ന വ്യക്തികളുടെ മൂന്‍കൈ പ്രോത്സാഹിപ്പിക്കും. അവരെ അംഗീകരിക്കും ആദരിക്കും.

ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്കു് പൊതുവെ സമൂഹത്തിന്റെ മേല്‍ നോട്ടം ഉണ്ടാവും.‌
അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കുള്ള നിശ്ചിത അവശ്യ വസ്തുക്കള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ഉത്തര വാദിത്വം സമൂഹത്തിനായിരിക്കും.
മറ്റു് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവു് നികത്തുന്ന കാര്യം കമ്പോളത്തിനു് വിടും. പക്ഷെ, വിഭവ ദുരുപയോഗവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കണക്കിലെടുക്കാതെയുള്ള കമ്പോള മത്സരത്തിനു് സമൂഹത്തിന്റെ നിയന്ത്രണം ഉണ്ടായിരിക്കും.
ദേശത്തിന്റെ പൊതു ധനകാര്യ സ്ഥിതി സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനായിരിക്കും. അതിനു് വിധേയമായി ഉല്പാദനവും വിതരണവും വിനിമയവും സ്വതന്ത്രമായി സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനകാര്യ മാനേജ്മെന്റു് സ്ഥാപനങ്ങള്‍ക്കു് സ്വതന്ത്ര പ്രവര്‍ത്തനം അനുവദിക്കപ്പെടും.

വന്‍കിട ഉല്പാദനം സമൂഹ കൂട്ടായ്മകളുടെ നിയന്ത്രണത്തിലായിരിക്കും. പൊതു മേഖല, സഹകരണ മേഖല, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങി വിവിധ രൂപങ്ങളും അവ തമ്മിലുള്ള അരോഗ്യകരമായ മത്സരവും സമൂഹ നിയന്ത്രണത്തില്‍ നടക്കും.

ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ ഇന്നത്തേതു് പോലെ തുടരും. വ്യക്തികളുടേയും കൂട്ടായ്മകളുടേയും മുന്‍കൈയ്യും സ്വാതന്ത്ര്യവും അനുവദിക്കപ്പെടും. പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അനാശാസ്യ മത്സരങ്ങളും വിഭവ ധൂര്‍ത്തും നിയന്ത്രിക്കാനായി മാത്രം സമൂഹത്തിന്റെ പരിശോധനയും മേല്‍നോട്ടവുമുണ്ടാകും.

ജനാധിപത്യം പരമാവധി വികസിപ്പിക്കും.
ജനങ്ങളുടെ ചെറു കൂട്ടായ്മകള്‍, ഗ്രാമ സഭ-വാര്‍ഡ് സഭ, പഞ്ചായത്തു്-നഗരസഭ, ജില്ലാ ഭരണം, സംസ്ഥാന ഭരണം, രാജ്യ ഭരണം - ആവശ്യാനുസരണം.

വിവിധ തട്ടുകള്‍ അവയുടെ ഉയര്‍ന്ന തട്ടുകളിലേയ്ക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതോടൊപ്പം നേരിട്ടുള്ള തെരഞ്ഞെടുപ്പും ഉള്‍പ്പെടുന്ന സംവിധാനത്തിലൂടെ വിവിധ ജനാധിപത്യ വേദികളായിരിക്കും നിയമ നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, ആസൂത്രണം തുടങ്ങിയവ നിര്‍വ്വഹിക്കുക.

നീതിന്യായ വ്യവസ്ഥയും കൃത്യമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പു് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവരിലൂടെ പുനസംഘടിപ്പിക്കപ്പെടും.

എല്ലാ ജനാധിപത്യ വേദികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരെ തിരിച്ചു് വിളിക്കാനുള്ള അവകാശം സ്ഥാപിക്കും.

പങ്കാളിത്തത്തിലൂടെ പരിശീലനം. ഇന്നും ലഭിക്കുമല്ലോ ? ആവശ്യമുള്ള പരിശീലന സംവിധാനം സമൂഹ കൂട്ടായ്മകള്‍ നടത്തണം.

ജോസഫ് തോമസു് said...

ദാസ് പറയുന്നു,
"ഞാന്‍ പ്രതീക്ഷിക്കുന്നത് ചരിത്രത്തില്‍ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറിയ പോലെ ഇത്തവണയും മുതലാളിത്തം എന്ന ഈ വ്യവസ്ഥിതി കരകയരും. കരകയറണമേ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു."

ഇവിടെ അനിവാര്യത രൂപപ്പെടുന്നു. ദുരിതം പേറുന്ന ജനവിഭാഗങ്ങള്‍, അതില്‍ പ്രത്യേകിച്ചും സാമൂഹ്യ പ്രക്രിയകള്‍ നിയന്ത്രിക്കുന്ന വിഭാഗങ്ങള്‍, തങ്ങളുടെ ദുരിതത്തില്‍ നിന്നു് മോചനത്തിനായി വ്യവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടപെടാന്‍ നിര്‍ബ്ബന്ധിതരാകും. അവരുടെ ധാരണകള്‍ക്കനുസരിച്ചു് അവര്‍ മാറ്റം കൊണ്ടുവരും. അതിനാവശ്യമായ മുന്നൊരുക്കം സമൂഹത്തിലെ സംഘടിത വിഭാഗമായ തൊഴിലാളികളുടെ രാഷ്ട്രീയ പ്രസ്ഥാനം നടത്തിയിട്ടുണ്ടു്. അതാണു് മാര്‍ക്സിസം ലെനിനിസം. പ്രത്യേക മേഖലകളില്‍ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടേണ്ടവ ഉണ്ടാകാം. അതു് നടക്കും.

ബദല്‍ പ്രായോഗികമായി ഉരുത്തിരിയുന്നതാണു്. മാറ്റം കൊണ്ടു് വരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗം മുന്നൊരുക്കം നടത്താന്‍ നിര്‍ബ്ബന്ധിതരാണു്. ഇന്നു് അത്തരം ഒരു ഉദ്ദിഗ്ന ദശാസന്ധിയിലാണു് ലോകം. സമൂഹം അതിനു് ഉത്തരം കണ്ടെത്തും. അതിന്റെ കേളികൊട്ടാണിന്നു് നാം കേള്‍ക്കുന്നതു്. അതിന്റെ ഭാഗമാണു് അനില്‍ ശരിയായി പറഞ്ഞതു് പോലെ നമ്മുടെ ഈ ഇടപെടലുകളും.

Blog Archive